ഡൽഹി: രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള കരട് മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. അതിർത്തി മേഖലകളിൽ ഭീകരർ വ്യാപകമായി ഡ്രോൺ ഉപയോഗിച്ച് കടന്നു കയറ്റങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്.
രണ്ട് കിലോഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നിർബന്ധമാണ്. പതിനെട്ട് വയസ് തികഞ്ഞവർക്ക് മാത്രമേ ലൈസൻസ് നൽകുകയുള്ളൂ. പത്ത് വർഷമായിരിക്കും ലൈസൻസ് കാലാവധി.
ഡ്രോൺ പറത്താൻ അനുമതിയുള്ളതും ഇല്ലാത്തതമായ പ്രദേശങ്ങൾ വ്യക്തമാക്കുന്ന ഡിജിറ്റൽ സ്കൈ പ്ലാറ്റ് ഫോം വികസിപ്പിക്കുമെന്നും കരട് മാർഗനിർദേശത്തിൽ പറയുന്നു. യെല്ലോ, ഗ്രീൻ, റെഡ് സോണുകൾ ഈ പ്ലാറ്റ് ഫോമിൽ വ്യക്തമാക്കും.
ചരക്ക് നീക്കത്തിനായി ഡ്രോൺ ഇടനാഴികൾ നിർമിക്കുമെന്നും കരട് നയത്തിൽ പറയുന്നു. ഡ്രോൺ പ്രൊമോഷൻ കൗൺസിൽ രൂപീകരിക്കും. ലൈസൻസ് അപേക്ഷക്കുള്ള ഫോമുകളുടെ എണ്ണം 25ൽ നിന്ന് ആറാക്കി. ഫീസുകളിലും കുറവ് വരുത്തിയിട്ടുണ്ട്. ഡ്രോൺ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള പിഴ ഒരു ലക്ഷമാണ്.
സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ്, ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. തീരെ ചെറിയ ഡ്രോണുകൾക്കും, ഗവേഷണ ആവശ്യത്തിനുള്ള ഡ്രോൺ ഉപയോഗത്തിനും ലൈസൻസ് ആവശ്യമില്ല. ആഗസ്റ്റ് അഞ്ച് വരെ കരട് നയത്തെ പറ്റി പൊതു ജനത്തിന് അഭിപ്രായം അറിയിക്കാൻ സമയം നൽകിയിട്ടുണ്ട്.
Discussion about this post