അസമിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിനെയും ഗൗരവ് ഗോഗിയെയും പ്രതിരോധത്തിലാക്കി പുതിയ സർവ്വേ ഫലങ്ങൾ. ‘ഇന്ത്യ ടുഡേ–സി വോട്ടർ’ നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ സർവ്വേ പ്രകാരം കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗി കേവലം മുസ്ലിം വോട്ടർമാരുടെ മാത്രം താല്പര്യമായി ഒതുങ്ങിയെന്നാണ് കണ്ടെത്തൽ. ഈ കണക്കുകൾ കോൺഗ്രസിനും അസം രാഷ്ട്രീയത്തിനും ഗുരുതരമായ മുന്നറിയിപ്പാണെന്ന് എഐയുഡിഎഫ് (AIUDF) എംഎൽഎ റഫീഖുൽ ഇസ്ലാം തുറന്നടിച്ചു. ഹിന്ദു വോട്ടർമാർക്കിടയിൽ കോൺഗ്രസിനുള്ള സ്വാധീനം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പരിഹസിച്ചു.
സർവ്വേ പ്രകാരം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് 65 ശതമാനത്തിലധികം ഹിന്ദു വോട്ടർമാരുടെ പിന്തുണയുണ്ട്. അതേസമയം, ഗൗരവ് ഗോഗിക്ക് 76 ശതമാനം മുസ്ലിം വോട്ടർമാരുടെ പിന്തുണ ലഭിക്കുമ്പോഴും ഹിന്ദു വോട്ടർമാർക്കിടയിൽ വലിയ തകർച്ചയാണ് നേരിടുന്നത്. “കോൺഗ്രസും ഗൗരവ് ഗോഗിയും മുസ്ലിംകളുടെ മാത്രം പാർട്ടിയായി മാറിയാൽ അത് അസമിന്റെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ ബാധിക്കും. മണ്ഡല പുനർനിർണ്ണയത്തിന് (Delimitation) ശേഷം മുസ്ലിം ഭൂരിപക്ഷമുള്ള സീറ്റുകൾ വെറും 22 ആയി ചുരുങ്ങി. ബാക്കിയുള്ള 103 സീറ്റുകളിൽ ഹിന്ദു വോട്ടർമാരുടെ പിന്തുണയില്ലാതെ ജയിക്കുക അസാധ്യമാണ്. ഹിന്ദുക്കളുടെ വിശ്വാസം നഷ്ടപ്പെട്ട ഗോഗിക്ക് എങ്ങനെ മുഖ്യമന്ത്രിയാകാൻ കഴിയും?” റഫീഖുൽ ഇസ്ലാം ചോദിച്ചു.
കോൺഗ്രസ് ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം പാർട്ടിയായി ചുരുങ്ങിയെന്നും ദേശീയത ഉയർത്തിപ്പിടിക്കുന്ന അസമിലെ ജനത കോൺഗ്രസിനെ കൈവിട്ടുവെന്നും ബിജെപി കുറ്റപ്പെടുത്തി.










