പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ അഞ്ചാം ദിനം സഭയ്ക്കുള്ളിലും പുറത്തും നാടകീയ രംഗങ്ങൾ. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ പാർലമെന്റ് അങ്കണത്തിൽ വെച്ച് നേർക്കുനേർ കൊമ്പുകോർത്തു. മകരദ്വാറിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്ന കോൺഗ്രസ് എംപിമാർക്കിടയിലൂടെ ബിട്ടു കടന്നുപോയപ്പോഴാണ് സംഭവം.
ബിട്ടുവിനെ കണ്ടയുടൻ “ദാ ഒരു രാജ്യദ്രോഹി പോകുന്നു, അവന്റെ മുഖത്തേക്ക് നോക്കൂ” എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. തുടർന്ന് കൈനീട്ടി “ഹലോ സഹോദരാ, എന്റെ രാജ്യദ്രോഹിയായ സുഹൃത്തേ… വിഷമിക്കേണ്ട, നീ വൈകാതെ കോൺഗ്രസിലേക്ക് തന്നെ തിരിച്ചുവരും” എന്നും രാഹുൽ പറഞ്ഞു. എന്നാൽ രാഹുലിന്റെ കൈ പിടിക്കാൻ വിസമ്മതിച്ച ബിട്ടു, “നീ രാജ്യത്തിന്റെ ശത്രുവാണ്” (ദേശ് കെ ദുഷ്മൻ) എന്ന് ആക്രോശിച്ചു കൊണ്ടാണ് മറുപടി നൽകിയത്. “യുദ്ധം ജയിച്ചുവന്ന ആളുകളെപ്പോലെയാണ് ഇവർ ഇരിക്കുന്നത്” എന്ന ബിട്ടുവിന്റെ പരിഹാസമാണ് രാഹുലിനെ ചൊടിപ്പിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇരുനേതാക്കളെയും ശാന്തരാക്കിയത്.
അതേസമയം, സഭയ്ക്കുള്ളിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് എട്ട് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം കത്തുകയാണ്. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരടക്കമുള്ള എട്ട് പേരെയാണ് ബജറ്റ് സമ്മേളനത്തിൽ നിന്ന് പുറത്താക്കിയത്. ദേശീയ താല്പര്യങ്ങൾ ബലികഴിച്ച് പ്രധാനമന്ത്രി അമേരിക്കയുമായി വ്യാപാര കരാർ ഒപ്പിട്ടുവെന്നും പ്രധാനമന്ത്രി സമ്മർദ്ദത്തിന് വഴങ്ങിയെന്നും (PM is compromised) ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.








