ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയൻ നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതങ്ങ് സ്വിറ്റ്സർലൻഡിലോ അന്‍റാർട്ടിക്കയിലോ ഒക്കെയാണെന്നു കരുതിയാൽ തെറ്റി. നമ്മുടെ ഇന്ത്യയിൽ തന്നെ, ഗുജറാത്തിലെ പാലിത്താന. ജൈനമത വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പാലിത്താന ഗുജറാത്തിലെ ഭാവ് നഗർ ജില്ലയിലാണ്.
ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരമെന്ന വിശേഷണം മാത്രമല്ല, മൂവായിരത്തിലധികം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണ് പാലിത്താന. ഇതിൽ ആയിരത്തോളം ക്ഷേത്രങ്ങൾ ജൈനമത ക്ഷേത്രങ്ങൾ തന്നെയാണ്. അതിനാൽ തന്നെ ക്ഷേത്രങ്ങളുടെ നാട് എന്ന വിശേഷണവും പാലിത്താന സ്വന്തമാക്കി. ഈ ക്ഷേത്രങ്ങൾ എല്ലാം തന്നെ 11-)o നൂറ്റാണ്ടിനും 20-)o നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ചതാണെന്നും പറയപ്പെടുന്നു
ഈ ക്ഷേത്രസമുച്ചയം ശത്രുഞ്ജയമലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന പ്രധാനക്ഷേത്രം ആദ്യ തീർത്ഥങ്കരനായ ആദിനാഥിനാണ് സമർപ്പിച്ചിരിക്കുന്നത്.
ജൈനക്ഷേത്രങ്ങൾ മാത്രമല്ല, ഇസ്ലാം മതവിശ്വാസികളുടെ ദർഗയും ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി കാണാം. താഴെ നിന്ന് മലയുടെ മുകൾ വരെ ഏകദേശം 3800 പടികൾ കയറിവേണം എത്താൻ. മലമുകളിലേക്ക് ജൈനവിശ്വാസികളെക്കൂടാതെ ഹിന്ദുക്കളും മുസ്ലിങ്ങളും എത്താറുണ്ട്.
മല കയറുമ്പോൾ ഭക്ഷണം കരുതാൻ പാടില്ല. നേരം ഇരുട്ടുന്നതിന് മുൻപേ പൂജാരികൾ ഉൾപ്പെടെയുള്ളവർ മലയിറങ്ങിയിരിക്കണം. രാത്രി കാലങ്ങളിൽ മലമുകളിൽ ആരെയും കാണാൻ പാടില്ല.
ലോകത്തിൽ നിയമപരമായി വെജിറ്റേറിയൻ ഗ്രാമമെന്ന പ്രശസ്തിയും ഈ ഗ്രാമത്തിന് സ്വന്തമാണ്. എല്ലാ നഗരങ്ങളെയും പോലെ തന്നെ ഇവിടെയും നിരവധി കശാപ്പുശാലകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു നഗരം ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരമായി മാറാൻ കാരണം ജൈന സന്യാസികളുടെ സമരം തന്നെയായിരുന്നു. ജൈനമത വിശ്വാസികളുടെ ആചാരനുഷ്ഠാനങ്ങൾക്ക് എതിരാണെന്ന കാരണത്താൽ ജൈനമത വിശ്വാസികൾ കശാപ്പുശാലകൾക്ക് എതിരെ സമരം ചെയ്യാൻ ആരംഭിച്ചു. മരണം വരെ സത്യഗ്രഹം കിടക്കുന്നതടക്കമുള്ള സമരങ്ങളിലേക്ക് ഇവര്‍ നീങ്ങുകയായിരുന്നു. ഒന്നുകില്‍ ഇവിടെ മൃഗങ്ങളുടെ കശാപ്പ് നിര്‍ത്തുക, അല്ലെങ്കില്‍ തങ്ങളെ മരിക്കാന്‍ വിടുക ഇതായിരുന്നു ആവശ്യം.
അങ്ങനെ 2014ൽ ഗുജറാത്ത് സർക്കാർ ഈ നഗരത്തെ വെജിറ്റേറിയൻ നഗരമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനത്തിന് ശേഷം മീൻ, മുട്ട, ഇറച്ചി എന്നിവ വിൽക്കുന്നതും ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതും നിയമപരമായി വിലക്കി.പാല്‍ ഉല്‍പ്പന്നങ്ങളാണ് ഇവിടെ കൂടുതലായി ലഭിക്കുന്നത്. പാല്‍, നെയ്, വെണ്ണ എന്നിവയാണ് ഇവിടത്തെ പ്രധാന വിഭവങ്ങള്‍.
https://www.youtube.com/watch?v=KDaxDSr1fO0
Discussion about this post