മുംബൈ : മൂന്ന് തവണ ദേശീയ അവാർഡ് നേടിയ നടി സുരേഖ സിക്രി ( 75 ) ഇന്ന് രാവിലെ അന്തരിച്ചു. 2020 ൽ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സായിലായിരുന്ന സുരേഖ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്.
ഉത്തർപ്രദേശിൽ ജനിച്ച അവർ 1971 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ (എൻഎസ്‌ഡി) ബിരുദം നേടി. 1978 ൽ കിസ്സ കുർസി കാ എന്ന ചിത്രത്തിലൂടെ സുരേഖ സിക്രി അരങ്ങേറ്റം കുറിച്ചു. തമാസ് (1988), മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. 1989 ൽ സംഗീത നാടക് അക്കാദമി അവാർഡും നേടി. പ്രൈംടൈം സോപ്പ് ഓപ്പറയായ ബാലിക വധുവിലെ അഭിനയത്തിനും, ആയുഷ്മാൻ ഖുറാന അഭിനയിച്ച ബദായ് ഹോ എന്ന ചിത്രത്തിലെ അഭിനയത്തിനും വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു. സംവിധായകൻ സോയ അക്തറിന്റെ നെറ്റ്ഫ്ലിക്സ് ആന്തോളജി ഗോസ്റ്റ് സ്റ്റോറീസിലെ ഹ്രസ്വചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.
2018 ൽ മഹാബലേശ്വറിന്റെ ഷൂട്ടിംഗിനിടെ കുളിമുറിയിൽ തല അടിച്ച് വീണതിന് ശേഷം സുരേഖയ്ക്ക് മസ്തിഷ്കാഘാതം ഉണ്ടായിരുന്നു. 2020 ൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തികമായി പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് അവർ കടന്നുപോകുന്നതെന്ന് അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അവരത് നിഷേധിച്ചു.
Discussion about this post