ഡല്‍ഹി: പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലേക്ക് (പി.എല്‍.എ) ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുളള ശ്രമങ്ങള്‍ ശക്തമാക്കി ചെെന. ടിബറ്റന്‍ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തില്‍ നിന്നും കുറഞ്ഞത് ഒരു യുവാവിനെയെങ്കിലും നിര്‍ബന്ധമായും സേനയില്‍ ചേര്‍ക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലഡാക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുളള 3,488 കിലോമീറ്റര്‍ നിയന്ത്രണ രേഖയില്‍ ചെെന സെെനിയ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
ഈ വര്‍ഷം പി.എല്‍.എ വിവിധ സര്‍വകലാശാലകളില്‍ നിന്നും 17നും 20നും ഇടയില്‍ പ്രായമുളള 70തോളം ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ സെെനിക സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പരിശീലനം നല്‍കാന്‍ ആരംഭിച്ചിരുന്നു. സിക്കിമിന് എതിര്‍വശത്തുളള ചുംബി താഴ്വരയില്‍ പി.എല്‍.എ പരിശീലിപ്പിച്ച പ്രാദേശിക ടിബറ്റന്‍ യുവാക്കളെ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ ടിബറ്റന്‍ നിവാസികളുടെ നിയന്ത്രണ രേഖകളെക്കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പിന്നിലുണ്ട്.
നേരത്തെ ഉത്തരാഖണ്ഡിലെ ബരഹൊതി മേഖലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം ചെെന സെെനിക വിന്യാസം ശക്തമാക്കുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പി.എല്‍.എയുടെ 40 ട്രൂപ്പുകള്‍ ബരഹൊതിയിലെ നിയന്ത്രണ രേഖയോടു ചേര്‍ന്നു പട്രോളിംഗ് നടത്തുന്നുണ്ടെന്നാണ് വിവരം.
ഇന്ത്യ-ചെെന കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതിര്‍ത്തി തര്‍ക്കത്തിന് പൂര്‍ണമായും പരിഹാരം കാണാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുളള പന്ത്രണ്ടാമത് കമാന്‍ഡര്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് അതിര്‍ത്തിയില്‍ ചെെന നീക്കങ്ങള്‍ നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.
Discussion about this post