കോഴിക്കോട്: പണമാവശ്യപ്പെട്ട് മാവോവാദികളുടെ പേരില്‍ വ്യവസായികള്‍ക്ക് ഭീഷണിക്കത്തയച്ച കേസിലെ പ്രതികള്‍ നേരത്തേയും നിരവധി പേരെ തട്ടിപ്പിനിരയാക്കി. കേസില്‍ അറസ്റ്റിലായ പാറോപ്പടിയിലെ ഹബീബ് റഹ്മാനെയും കട്ടിപ്പാറയിലെ ഷാജഹാനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ കെണിയില്‍ കുടുങ്ങിയത് രണ്ടു കേന്ദ്ര മന്ത്രിമാരടക്കം മൂന്നു മുന്‍ മന്ത്രിമാരും വ്യവസായികളുമാണ്.
ഹബീബ് റഹ്മാനായിരുന്നു ഇതിന്റെയും സൂത്രധാരന്‍. നിലവില്‍ എം.പിയായ മുന്‍ കേന്ദ്രമന്ത്രി വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട്ടെത്തി ഹോട്ടലില്‍ താമസിച്ചപ്പോള്‍ മുറിയിലേക്ക് രണ്ടു യുവാക്കളെ എത്തിച്ചായിരുന്നു കെണിയില്‍ കുരുക്കിയത്. പിന്നീട് ഇദ്ദേഹം മന്ത്രിയാവുമെന്ന ഘട്ടം വന്നതോടെ ഭീഷണിപ്പെടുത്തി വന്‍തുക കൈക്കലാക്കുകയായിരുന്നു. ഒരുകോടി രൂപയോളം തട്ടിയെന്ന് പറയുന്നുണ്ടെങ്കിലും 15 ലക്ഷമാണ് ലഭിച്ചതെന്നും ബാക്കി ഇടനിലക്കാരെടുത്തെന്നുമാണ് മൊഴി. മഞ്ചേരി സ്വദേശിനിയായ യുവതിയെ ഉപയോഗിച്ചാണ് മറ്റൊരു മുന്‍ കേന്ദ്രമന്ത്രിയെയും മുന്‍ സംസ്ഥാന മന്ത്രിയെയും കുടുക്കിയത്. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഇവരെയും ഭീഷണിപ്പെടുത്തി പലതവണയായി വന്‍തുക കൈക്കലാക്കുകയായിരുന്നുവത്രെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസോ മറ്റു നടപടിയോ ഉണ്ടായില്ല.
അവസാനം 11 കോടി രൂപ ആവശ്യപ്പെട്ട് സ്വര്‍ണവ്യാപാരിക്കും നിര്‍മാണകരാറുകാരനും ഭക്ഷ്യ എണ്ണ കമ്പനി മുതലാളിക്കുമൊപ്പം മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവുകൂടിയായ മുന്‍ മന്ത്രിക്കും സംഘം ഭീഷണിക്കത്തയച്ചിരുന്നു. എന്നാല്‍, കത്ത് ലഭിച്ചില്ലെന്നാണ് ഈ മുന്‍മന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചത്. ചില വ്യവസായികളില്‍നിന്നും പണം തട്ടിയതായി വിവരമുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താനായിട്ടില്ല. ലഭിച്ച മൊഴികളില്‍നിന്നും സംഘം പലരെയും തട്ടിപ്പിനിരയാക്കിയതായി വ്യക്തമായിട്ടുണ്ടെന്നും മൊഴി വിശദമായി പരിശോധിച്ചശേഷം കൂടുതല്‍ ചോദ്യം ചെയ്യാന്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
Discussion about this post