സിഡ്നി: ഓസ്ട്രേലിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള 14ഓളം കലാമൂല്യമുള്ളതും പുരാതനവുമായ വസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. ഇതില്‍ ചുരുങ്ങിയത് ആറെണ്ണമെങ്കിലും വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ടവയാണെന്ന് കരുതുന്നതായി ആര്‍ട്ട് ഗാലറി അധികൃതര്‍ പറഞ്ഞു.
പലവിധ വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരമാണ് ഇന്ത്യക്ക് കൈമാറുന്നത്. എല്ലാ പുരാവസ്തുക്കളും മതപരമായി ബന്ധമുള്ളതിനാല്‍ തന്നെ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു.
ഇന്നത്തെ വിപണിമൂല്യം അനുസരിച്ച് 2.2 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഏകദേശം 16.3 കോടി ഇന്ത്യന്‍ രൂപ എങ്കിലും ഇവയ്ക്ക് വില വരും.
തിരിച്ചു നല്കുന്ന 14 പുരാവസ്തുക്കളില്‍ 13ഉം സുഭാഷ് കപൂര്‍ എന്ന വ്യക്തി വഴി ഓസ്ട്രേലിയയില്‍ എത്തിയതാണ്. പുരാവസ്തുക്കള്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് മാന്‍ഹട്ടനില്‍ വിചാരണ കാത്ത് തടവില്‍ കിടക്കുകയാണ് സുഭാഷ് കപൂര്‍.
അതേസമയം നാഷണല്‍ ആര്‍ട്ട് ഗാലറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിനാണ് ഇവിടെ അന്ത്യം കുറിക്കുന്നതെന്ന് ആര്‍ട്ട് ഗാലറി ഡയറക്ടര്‍ നിക്ക് മിറ്റ്സെവിച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post