കോഴിക്കോട്: നഴ്സറി കരാറുകാരിൽനിന്ന് കൈക്കൂലിയായി പിരിച്ചെടുത്ത രണ്ടര ലക്ഷം രൂപയും ആയിരത്തോളം തേക്കിൻ സ്റ്റംപുകളുമായി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസറെ പൊലീസ് വിജിലൻസ് വഴിയിലിട്ടു പിടികൂടി. സർവീസിൽനിന്ന് വിരമിക്കാൻ തയാറെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥനുള്ള പാരിതോഷികമായിരുന്നു ഈ തുകയെന്നാണ് സൂചന.
കൽപറ്റ, ബത്തേരി, മാനന്തവാടി റേഞ്ചുകളിൽനിന്നുള്ള പിരിവുമായി വന്നിരുന്ന മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ കെ.വി.അരുണേഷിനെയാണ് കൊട്ടിയൂർ ബോയ്സ് ടൗണിനു സമീപം പിടികൂടിയത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന. പണം ആർക്ക് നൽകാനാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും വനം വകുപ്പിനുള്ളിൽ സൂചനകൾ ശക്തമാണ്.
വിരമിക്കാൻ തയാറെടുക്കുന്ന ഉദ്യോഗസ്ഥന്റെ പിരിവിനെ കുറിച്ച് കഴിഞ്ഞയാഴ്ച തന്നെ വ്യാപകമായ പരാതി ഉന്നതർക്ക് ലഭിച്ചിരുന്നു. തേക്കടി, പറമ്പിക്കുളം ഭാഗങ്ങളിൽ തമ്പടിച്ച് കീഴുദ്യോഗസ്ഥരിൽനിന്ന് പിരിവു നടത്തിയിരുന്ന ഉദ്യോഗസ്ഥൻ ജീവനക്കാരുടെ പ്രതിഷേധങ്ങളെ തുടർന്നാണ് തിരിച്ചു പോയത്. ഇദ്ദേഹത്തിനു വേണ്ടിയെന്നു പറഞ്ഞ് വീണ്ടും റേഞ്ചുകളിൽ പിരിവു നടന്നിരുന്നു എന്നാണ് വിവരം.
കോഴിക്കോട് വിജിലൻസ് എസ്പി എസ്.ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, ഇൻസ്പെ്കടർ ഗണേഷ് കുമാർ, സബ് ഇൻസ്പെക്ടർ ബിജോയ് കുമാർ, മഹീന്ദ്രൻ, ജയപ്രകാശ്, അസിസ്റ്റന്റ് സബ് ഇൻസ്പെകടർമാരായ ശ്രീജയൻ, അബ്ദുൽ സലാം, നിജേഷ്, ശ്രീജിത്ത്, ദിനേശ് കുമാർ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
Discussion about this post