ബെയ്‌ജിങ് : ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. വൈറസിന്‍റെ അതിവേഗ വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 200ഓളം ഡെല്‍റ്റ കേസുകള്‍ ചൈനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2019 ഡിസംബറില്‍ വുഹാനിലുണ്ടായ വൈറസ് പൊട്ടിപ്പുറപ്പെടലിന് ശേഷം രണ്ടാമത്തെ വലിയ വൈറസ് വ്യാപനമാണ് ഇപ്പോഴത്തേതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
നാന്‍ജിങ് വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് ഡെല്‍റ്റ വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 11 വരെ ഇവിടെ നിയന്ത്രണമേര്‍പ്പെടുത്തി. കൂടുതല്‍ പരിശോധനകളും മറ്റ് നിയന്ത്രണങ്ങളും നഗരത്തിലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഭാഗിക ലോക്ഡൗണും ഏര്‍പ്പെടുത്തി.
രണ്ടാമതൊരു കോവിഡ് പ്രഭാവം ഒഴിവാക്കാന്‍ കനത്ത മുന്‍കരുതലിലായിരുന്നു ചൈനീസ് അധികൃതര്‍. എന്നാല്‍, വിമാനത്താവള അധികൃതരുടെ വീഴ്ചയാണ് ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് ഇടയാക്കിയതെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 10ന് റഷ്യയില്‍ നിന്നെത്തിയ വിമാനവുമായി ബന്ധപ്പെട്ട ആളുകള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വിമാന ശുചീകരണ ജീവനക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്നാണ് പറയുന്നത്. ഗ്രൗണ്ട് സ്റ്റാഫിനും ശുചീകരണ തൊഴിലാളികള്‍ക്കുമാണ് ആദ്യം രോഗം ഉണ്ടായത്. തുടര്‍ന്ന് വിവിധ നഗരങ്ങളിലും പ്രവിശ്യകളിലും ഡെല്‍റ്റ സ്ഥിരീകരിക്കുകയായിരുന്നു.
ചൈനീസ് വാക്സിനുകള്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യവും ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരില്‍ എത്ര പേര്‍ വാക്സിന്‍ സ്വീകരിച്ചവരാണെന്ന് വ്യക്തമല്ല.
ജൂലൈ 29ന് രാജ്യത്ത് 49 കേസുകളാണ് സ്ഥിരീകരിച്ചത്. ജൂലൈ 30ന് 64 പേര്‍ക്ക് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 92,930 പേര്‍ക്കാണ് രോഗം വന്നത്. 4636 പേര്‍ മരിക്കുകയും ചെയ്തു. 971 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 26 പേരുടെ നില ഗുരുതരമാണെന്ന് വേള്‍ഡോമീറ്റര്‍ വെബ്സൈറ്റിലെ കണക്കുകള്‍ പറയുന്നു.
Discussion about this post