തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത സര്‍ക്കാരാണ് നിയമസഭാ കൈയാങ്കളി കേസില്‍ ശിവന്‍കുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സ്വന്തം അണികളെ സി പി എം ധാര്‍മ്മികത പഠിപ്പിക്കണം. രണ്ടാം ഊഴം ജനങ്ങള്‍ നല്‍കിയത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ കടത്ത് കേസില്‍ മുന്‍ കസ്റ്റംസ് കമ്മിഷണറുടെ വെളിപ്പെടുത്തലിനെതിരെയും അദ്ദേഹം പ്രതികരിച്ചു. സ്വാധീനിക്കാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുമാണെന്ന് കസ്റ്റംസ് കമ്മിഷണറുടെ പ്രതികരണത്തിലൂടെ വ്യക്തമായെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥനെന്ന നിലയില്‍ പരിമിതിയില്‍ നിന്ന് അദ്ദേഹം വ്യക്തമായി കാര്യം പറഞ്ഞു. സുമിത് കുമാറിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തിലെ പാളിച്ചയാണ് രോഗികള്‍ വര്‍ധിക്കാന്‍ കാരണം. മുഖ്യമന്ത്രി വൈകിയെങ്കിലും ഇക്കാര്യം തിരിച്ചറിഞ്ഞെങ്കില്‍ അത് കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. കേരളത്തിന്റെ പിഴവുകള്‍ തുടക്കത്തിലെ ചൂണ്ടി കാട്ടിയപ്പോള്‍ പരിഹസിക്കുന്ന സമീപനമാണ് ഉണ്ടായത്. ശാസ്ത്രീയമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്നും നിയന്ത്രണത്തോടെ കൂടുതല്‍ ദിവസം കടകള്‍ തുറക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ടി പി ആര് നിശ്ചയിക്കാന്‍ മാനദണ്ഡം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post