കാബൂള്‍: അതിവേഗം താലിബാന് പിടിമുറുക്കുന്ന രാജ്യത്ത് കാര്യങ്ങള്‍ കൈവിട്ടുപോകാനിടയാക്കിയത് യു.എസ് സൈന്യം തിടുക്കപ്പെട്ട് പിന്മാറിയതാണെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി. ഗ്രാമങ്ങളും ഉള്‍പ്രദേശങ്ങളും കീഴടക്കുന്നതില്‍ വലിയ വിജയം കണ്ട താലിബാന് പ്രവിശ്യ ആസ്ഥാനങ്ങള്‍ പിടിച്ചടക്കല്‍ ആരംഭിച്ചിട്ടുണ്ട്. ലഷ്കര്‍ ഗാഹ്, കാണ്ഡഹാര്‍, ഹെറാത്ത് പ്രവിശ്യകളിലാണ് താലിബാന് ഏറ്റവുമൊടുവില്‍ പിടിമുറുക്കിയിരിക്കുന്നത്. ഇവ ഏതുനിമിഷവും പൂര്‍ണമായി സര്‍ക്കാറിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലഷ്കര്‍ ഗാഹില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, നഗര കേന്ദ്രം, ജയില്‍ എന്നിവ കേന്ദ്രീകരിച്ചാണ് താലിബാന് ആക്രമണം നടത്തിയത്. റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകള്‍ ഇതിനകം കീഴടക്കി. സമീപത്തു സ്ഥിതി ചെയ്യുന്ന ഗവര്‍ണറുടെ ഓഫീസ് ഏതുനിമിഷവും വീഴുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ യു.എസ്, ബ്രിട്ടീഷ് സേനകള്‍ നിലയുറപ്പിച്ച ഹെല്‍മന്ദിലും താലിബാന് ശക്തമായി മുന്നേറിയിട്ടുണ്ട്.
Discussion about this post