തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തറ ഗുണ്ടയെന്ന് പരിഹാസവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ. ശിവൻകുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ മണ്ഡലംതലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ നേമം കമലേശ്വരം ഹാർബർ എൻജിനിയറിങ് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു സുധാകരൻ.
ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാനാകുമെന്നുമാണ് കെ.സുധാകരന്റെ പരിഹാസം.
‘പരിപാവനമായ നിയമസഭയ്ക്ക് അകത്ത് ഗുണ്ടായിസം കാട്ടി ഉടുമുണ്ട് പൊക്കി ആ നിയമസഭയിലെ സ്പീക്കർ ഇരിക്കുന്ന ചേംബർ മുഴുവൻ അടിച്ചുതകർത്ത ഒരു തറഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയാണ്.’ – കെ.സുധാകരൻ പറഞ്ഞു.
പുതിയ തലമുറയ്ക്ക് റോൾ മോഡൽ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവൻകുട്ടി ഇരിക്കുന്നതിനെ സാംസ്കാരിക കേരളത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. ശിവൻകുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണെന്നും മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ല.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശിവൻകുട്ടി രാജിവെയ്ക്കുന്ന കീഴ്വഴക്കം ഉണ്ടായാൽ എസ്എൻസി ലാവ്നിൻ കേസിൽ സുപ്രീംകോടതിയിൽ നിന്നും പ്രതികൂല വിധിയുണ്ടായാൽ രാജിവെയ്ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോൾ വി ശിവൻകുട്ടിയെ സംരക്ഷിക്കുന്നത്. ക്ഷമിക്കാൻ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്.
നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.നിയമസഭ തല്ലിത്തകർത്ത് താണ്ഡവമാടിയ തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിയുടേത്. എംവി രാഘവന്റെ നാഭിക്ക് തൊഴിച്ചത് ഉൾപ്പെടെ നിയമസഭയിൽ ലജ്ജാകരമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎൽഎമാരെ ചുമക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഎം എംഎൽഎമാരുടെ ഭാഗത്ത് നിന്നും ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. ശിവൻകുട്ടിയുടെ രാജിക്കായുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പോർമുഖത്തിൽ പങ്കാളികളായി നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈപ്പിഴ തിരുത്താൻ തയ്യാറാകണമെന്നും സുധാകരൻ അഭ്യർത്ഥിച്ചു.
Discussion about this post