തിരുവനന്തപുരം: പട്ടികജാതി ക്ഷേമ പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. പട്ടിക ജാതി വകുപ്പ് അന്വേഷണത്തിലാണ് തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പദ്ധതികളില്‍ നിന്ന് ഒരു കോടി നാല് ലക്ഷം രൂപ തട്ടിയെടുത്തിരിക്കുന്നതായുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. നിര്‍ദ്ധനരായവര്‍ക്ക് നല്‍കുന്ന ധനസഹായമാണ് ഒരു ഉദ്യോസ്ഥനും താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പട്ടികജാതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തലില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നന്നിരിക്കുന്നത്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന എല്‍ഡി ക്ലര്‍ക്ക് യു ആര്‍ രാഹുലിന്‍റെയും സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയിരിക്കുന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മ്മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവയ്ക്ക് നല്‍കിയിരുന്ന പണമാണ് ഡെപ്യൂട്ടേഷനിലെത്തിയ എ.ഡി ക്ലര്‍ക്ക് രാഹുലും എസ് സി പ്രൊമോട്ടര്‍മാരും ചേര്‍ന്ന് തട്ടിയത്. മുന്‍കാല അപേക്ഷകരുടെ നമ്പറുകളെല്ലാം രാഹുലിന്റെ സുഹൃത്തുക്കളുടേതാണ്. അതായത് അര്‍ഹരായവര്‍ക്ക് കിട്ടേണ്ട പണം അനര്‍ഹരിലേക്ക് എത്തിച്ച് അവരില്‍ നിന്ന് പ്രതികള്‍ പങ്കിട്ടെടുക്കുകയായിരുന്നു.
അർഹരുടെ അക്കൗണ്ടിലേക്കാണെങ്കിൽ ഒരു പ്രാവശ്യം മാത്രമേ പണം കൈമാറുകയുള്ളൂ. എന്നാൽ നിരവധി തവണ പണം കൈമാറ്റം ചെയ്തിട്ടുള്ള 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തുവെന്നാണ് വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
മുഖ്യപ്രതി രാഹുൽ ഇപ്പോള്‍ റിമാൻഡിലാണ്. അർഹതയിലുള്ള ചില അപേക്ഷകരെ പല കാരണങ്ങള്‍ പറഞ്ഞ് രാഹുൽ മടക്കി അയച്ച ശേഷം അവരുടെ പേരിൽ പണം ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അറിയാൻ അപേക്ഷകരുയെല്ലാം മൊഴിയെടുക്കേണ്ടിവരുമെന്ന് പൊലീസ് പറയുന്നു. 2016-2020 നവംബർ മാസം വരെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ നൽകിയവരെ കുറിച്ച് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ട്രഷറിയിൽ നിന്നുള്ള പണമിടപാടിന്‍റെ രേഖകളും പരിശോധിക്കുന്നുണ്ട്. ഓരോ അപേക്ഷയും പരിശോധിച്ചാലേ 24 അക്കൗണ്ടിന് പുറമേ മറ്റേതെങ്കിലും അക്കൗണ്ടുകളിുലേക്ക് പണം വകമാറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാവുകയുളളൂ.
Discussion about this post