പാലക്കാട്: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് തെങ്കര സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ചങ്ങലീരി സ്വദേശി റുസ്നിയ ജെബിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചങ്ങലീരി സ്വദേശി റുസ്നിയ ജെബിൻ്റെ മരണം ഭർതൃവീട്ടിലെ ഗാർഹിക പീഡനം മൂലമാണെന്ന് പിതാവ് അബ്ബാസ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്യുമ്പോൾ റുസ്നിയ മൂന്ന് മാസം ഗർഭിണിയായിരുന്നു.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. 2017ലായിരുന്നു റുസ്നിയയുടെയും മുസ്തഫയുടെയും വിവാഹം. മുസ്തഫയുമായി സംസാരിച്ച ശേഷമായിരുന്നു റുസ്നിയയുടെ ആത്മഹത്യ.
ഇവർക്ക് മൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. റുസ്നിയയുടെ മാതാപിതാക്കളായ അബ്ബാസിൻ്റേയും ഉബൈസയുടേയുംമൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി അയൽക്കാരും മൊഴി നൽകി.
Discussion about this post