ഗുവാഹത്തി: ഇടനിലക്കാരുടെ സഹായത്തോടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ച 26 റോഹിംഗ്യൻ മുസ്ലീങ്ങൾ അറസ്റ്റിൽ. ബംഗ്ലാദേശിൽ നിന്നുമാണ് ഇവർ അസമിൽ കടന്നത്. അസമിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ എത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
കരീംഗഞ്ചിലെ ഇന്ത്യാ ബംഗ്ലാദേശ് അതിർത്തി വഴി കടന്നുകയറാനായിരുന്നു ഇവരുടെ നീക്കം. ഇവരെ ഇന്ത്യയിൽ പ്രവേശിക്കാൻ സഹായിച്ച ഇടനിലക്കാരായ അബ്ദുൾ റഹീം, സഹാബുദ്ദീൻ, ഷാഹിദുള്ള എന്നിവരും അറസ്റ്റിലായി.
മ്യാന്മറിൽ നിന്നും ബംഗ്ലാദേശിലെത്തിയവരാണ് തങ്ങളെന്ന് ചോദ്യം ചെയ്യലിൽ റോഹിംഗ്യകൾ സമ്മതിച്ചു. ഇവരുടെ പക്കൽ നിന്നും ഐക്യരാഷ്ട്ര സഭയുടെ വ്യാജ അഭയാർത്ഥി തിരിച്ചറിയൽ കാർഡുകളും പിടിച്ചെടുത്തു.
കഴിഞ്ഞ ഡിസംബറിൽ 21 പേരെയും ജനുവരിയിൽ 30 പേരെയും സമാനമായ രീതിയിൽ പൊലീസ് പിടികൂടിയിരുന്നു. ഇന്ത്യയിൽ കടന്ന ശേഷം വിവിധ സംസ്ഥാനങ്ങളിൽ പോയി താമസമാരംഭിക്കാനായിരുന്നു ഇവരുടെ പദ്ധതി.
Discussion about this post