തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങളുടെ വിപ്ലവം തുടങ്ങുമ്പോൾ കേരള സർക്കാർ സ്വന്തമായി മുന്നിട്ടിറങ്ങി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഇലക്‌ട്രിക് ഓട്ടോ നിര്‍മ്മാണം പ്രതിസന്ധിയില്‍. ബാറ്ററിയുടെ ഗുണനിലവാരം കുറഞ്ഞതും വിൽപ്പനാനന്തര സേവനം നല്ല നിലയിലല്ലാത്തതും വായ്പാ സൗകര്യമില്ലാത്തതും ഡീലർമാര്‍ ഓട്ടോ വാങ്ങുന്നത് നിർത്താന്‍ കാരണമായി.
പൊതുമേഖലാ സ്ഥാപനമായ കെഎഎല്ലിന്‍റെ ഇലട്രിക് ഓട്ടോ നിരത്തിലിറക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതീക്ഷയും വളരെ വലുതായിരുന്നു. ഒരു വര്‍ഷം കൊണ്ട് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് വഴി 7000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ രണ്ട് വര്‍ഷത്തിനിടെ ആകെ വിറ്റത് 137 ഓട്ടോ മാത്രം. കമ്പനി പറഞ്ഞപോലെ ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 80 മുതല്‍ 100 കിലോ മീറ്റര്‍ വരെ മൈലേജ് വളരെക്കുറച്ച് ഓട്ടോകള്‍ക്കേ കിട്ടിയുള്ളൂ. പക്ഷെ ക്രമേണ പല ഓട്ടോയും 40 കിലോമീറ്ററിനപ്പുറും ഓടാനാകാത്ത സ്ഥിതിയായി. മൈലേജ് കിട്ടാത്ത ബാറ്ററി കെഎഎല്‍ തിരിച്ചെടുക്കാതായതോടെ ഡീലമാര്‍മാര്‍ പിന്‍വാങ്ങി.
ഇ വാഹനങ്ങൾക്ക് 30000 രൂപ വരെ സബ്സിഡി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കാത്തതും കെഎഎൽ ഇ ഓട്ടോയോടുള്ള പ്രിയം കുറയാൻ കാരണമായി. ഇ-ഓട്ടോ വാങ്ങാൻ കെഎഫ്സി നല്‍കിക്കൊണ്ടിരുന്ന വായ്പ നിര്‍ത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കൊടുക്കുന്ന വിലയ്ക്ക് മതിയായ ഗുണനിലവാരമില്ലാത്തതോടെ കെഎഎല്ലിന്‍റെ ഓട്ടോ നിര്‍മാണം തന്നെ പേരിന് മാത്രമായി. ഇ ഓട്ടോക്ക് പ്രശ്നങ്ങളില്ലെന്നും കൊവിഡ് മൂലമാണ് ഉത്പാദനം കുറഞ്ഞതെന്നുമാണ് കെഎഎൽ വിശദീകരണം.












