കോട്ടയം: അമ്പത് രൂപയ്ക്ക് വേണ്ടി സംഗീത സംവിധായകന് നേർക്ക് വധശ്രമം. കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെക്കുകയാണ് ജെയ്സൺ ജെ നായർ. 50 രൂപ ചോദിച്ചിട്ട് കൊടുത്തില്ല എന്ന കാരണം പറഞ്ഞായിരുന്നു അക്രമമെന്ന് അദ്ദേഹം പറയുന്നു.
ലഹരിമരുന്നിന് അടിമകളാണെന്ന് പറയാവുന്ന കൗമാരക്കാരുള്‍പ്പെട്ട മൂന്നംഗ സംഘമാണ് വടിവാളുകളുമായി വാഹനം തടഞ്ഞുനിര്‍ത്തി ജയ്സണ് നേരെ അക്രമം അഴിച്ചുവിട്ടത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വസതിയില്‍ നിന്ന് തിരികെ ഏറ്റുമാനൂരിലേക്ക് വരുന്നവഴി ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ വൈക്കം ഇടയാഴത്ത് വെച്ചായിരുന്നു സംഭവം. ഇടയാഴം – കല്ലറ റോഡിലൂടെ സഞ്ചരിക്കവെ മൊബൈലില്‍ വന്ന വിളിക്ക് മറുപടി പറയുന്നതിനിടെയാണ് ബൈക്കില്‍ അതുവഴി എത്തിയ സംഘം ജയ്സനെ ആക്രമിച്ചത്.
വളവായതിനാല്‍ ഇവിടെ വാഹനം നിര്‍ത്തരുതെന്നും മാറ്റി നിര്‍ത്തണമെന്നും ഇവർ നിർദേശിച്ചു. ഇതനുസരിച്ച് കാര്‍ മുന്നോട്ട് മാറ്റി നിര്‍ത്തി ജയ്സണ്‍ ഫോണില്‍ സംസാരം തുടർന്നു. ഇതിനിടെ വീണ്ടും കാറിനടുത്തെത്തിയ സംഘത്തിലെ ഒരാള്‍ 50 രൂപ ആവശ്യപ്പെട്ടു.
എന്തിനാണ് പണമെന്ന് ചോദിച്ചതോടൊപ്പം തന്‍റെ കയ്യില്‍ 50 രൂപ ഇല്ലെന്നും ജെയ്സൺ പറഞ്ഞു. ഇതോടെയാണ് ഇവര്‍ അക്രമം ആരംഭിച്ചത്. ആദ്യം ജയ്സന്‍റെ പിടലിക്ക് മര്‍ദിച്ചു. അപ്പോഴേക്കും സമീപത്തെത്തിയ രണ്ടാമന്‍ വടിവാള്‍ എടുത്ത് ജയ്സന് നേരെ വീശി.
തുടർന്ന് കാറിൽ കയറിയ ജെയ്സൺ വാഹനം ഓടിച്ച് പോയി. ആളുകള്‍ കൂടിനിന്ന പ്രദേശത്ത് എത്തി തനിക്കുണ്ടായ അനുഭവം വിവരിച്ചപ്പോള്‍ തങ്ങള്‍ കഞ്ചാവ് മാഫിയായുടെ ഭീഷണിയിലാണ് ഇവിടെ ജീവിക്കുന്നതെന്നും സ്വയരക്ഷയ്ക്കായി ആയുധങ്ങൾ കൈയ്യിൽ കരുതാറാണ് പതിവെന്നും നാട്ടുകാർ പറഞ്ഞതായി ജെയ്സൺ വിശദീകരിക്കുന്നു.
ഇത് ഒറീസയിലോ ബിഹാറിലോ അസാമിലോ അല്ലെന്നും കേരളത്തിലാണ് സംഭവിച്ചതെന്നും ഭീതിയോടെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിനുണ്ടായ സമാനമായ അനുഭവവും ജെയ്സൺ പങ്കു വെക്കുന്നു. അമ്പത് രൂപയ്ക്ക് വേണ്ടി വടിവാൾ വീശുന്ന അവസ്ഥയിലേക്ക് തരം താഴുന്ന മലയാളി യുവത്വത്തിന്റെ അധ:പതനം പരിതാപകരമാണെന്ന് ഫേസ്ബുക്കിൽ കമന്റുകൾ നിറയുന്നു.
https://www.facebook.com/jaisonj.nair/posts/2164745063667209
Discussion about this post