തൊടുപുഴ: കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലയിലെ കോതമംഗലം, തൊടുപുഴ റെയ്ഞ്ചുകളിലെ 46 ഷാപ്പുകള്‍ക്കെതിരെഎക് സൈസ് കേസെടുത്തു . ഷാപ്പ് ലൈസന്‍സികളെ അടക്കം പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തൊടുപുഴ റെയ്ഞ്ചിലെ 25 ഷാപ്പുകളിലും കോതമംഗലം റെയ്ഞ്ചിലെ 21 ഷാപ്പുകളിലുമാണ് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയത്. ഇവിടങ്ങളില്‍നിന്ന് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കള്ളിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനഫലം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടിലാണ് കള്ളില്‍ കഞ്ചാവിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. കള്ളിന് വീര്യം കൂട്ടാനായി കഞ്ചാവിന്റെ ഇലകള്‍ അരച്ചുചേര്‍ത്തിരിക്കാമെന്നും അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിച്ച് കള്ളിന് വീര്യം കൂട്ടിയതാകുമെന്നുമാണ് പ്രാഥമികനിഗമനം.
അതേസമയം, എക്‌സൈസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഷാപ്പുടമകളുടെയും തൊഴിലാളികളുടെയും ആരോപണം. പാലക്കാട് നിന്ന് വരുന്ന കള്ളാണ് ഇവിടങ്ങളില്‍ വിതരണം ചെയ്യുന്നതെന്നും ഇതില്‍ വ്യാപകമായി കഞ്ചാവിന്റെ അംശം കണ്ടെത്തിയത് സംശയമുണര്‍ത്തുന്നതായും ഇവര്‍ പറഞ്ഞു. എക്‌സൈസ് നടപടി വിദേശമദ്യ വ്യവസായത്തെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഷാപ്പുടമകള്‍ ആരോപിച്ചു.
പാലക്കാട്‌നിന്ന് വിതരണം ചെയ്യുന്ന കള്ള് വില്‍ക്കുക മാത്രമാണ് ഷാപ്പിലെ തൊഴിലാളികള്‍ ചെയ്യുന്നതെന്ന് ചെത്തു തൊഴിലാളി യൂണിയന്‍ നേതാവ് ജ്യോതികുമാറും പ്രതികരിച്ചു. കേസില്‍ തൊഴിലാളികളെ കൂടി പ്രതി ചേര്‍ത്തത് പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല, എക്‌സൈസിന്റെ സാമ്പിള്‍ ശേഖരണത്തില്‍ സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












