വോൾഗോഗാർഡ്: ഇന്ത്യയും റഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസം ഇന്ദ്ര-2021 (#INDRA2021) റഷ്യയിലെ വോൾഗോഗാർഡിൽ സമാപിച്ചു. വോൾഗോഗാർഡിലെ പ്രുഡ്ബോയ് മലനിരകളിലാണ് ഈ സൈനികാഭ്യാസം നടത്തിയത്. ആഗസ്റ്റ് ഒന്നിനാണ് ഈ സൈനികാഭ്യാസം ആരംഭിച്ചത്.
ഇന്ത്യയുടേ കരസേനയും റഷ്യൻ കരസേനയും സംയുക്തമായി നടത്തിയ ഈ സൈനികാഭ്യാസത്തിൽ ഉയർന്ന മലനിരകളിൽ പാരച്യൂട്ട് ചാട്ടം, ഭീകരരെ അവരുടെ താവളത്തിലിറങ്ങി ഉന്മൂലനം ചെയ്യൽ എന്നിവയുടെ പരിശീലനമുണ്ടായിരുന്നു. എം ഐ -8 ഹെലൊകോപ്ടറിൽ നിന്ന് കമാൻഡോകൾ പാരച്യൂട്ട് ചാട്ടം നടത്തി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുകയും ഭീകരവാദികളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നതിനൊപ്പം ഇന്ത്യയും റഷ്യയും സംയുക്തമായി ഉപഗ്രഹ സാങ്കേതികവിദ്യയുൾപ്പെടെ പങ്കുവയ്ക്കുന്നതിനെപ്പറ്റിയും അഭ്യാസം നടത്തി.
ടാങ്കുകൾ ഉപയോഗിച്ച് ഭീകരക്യാമ്പുകൾ തകർക്കുന്നതും പരിശീലിച്ചിരുന്നു എന്ന് തെക്കൻ റഷ്യൻ മിലിറ്ററി ഡിസ്ട്രിക്ടിന്റെ പത്രക്കുറിപ്പിൽ പറയുന്നു. റഷ്യൻ നിർമ്മിതമായ ബി എം പി- 3 കവചിതവാഹനപ്പീരങ്കികൾ ഉപയോഗിച്ച് ഭീകരവാദികളുടെ ക്യാമ്പുകൾ കൃത്യമായി തകർക്കുന്ന രീതിയും പരിശീലനത്തിലുൾപ്പെട്ടു. ചെച്നിയയിലും കൊസോവോയിലും റഷ്യ ഉപയോഗിച്ചതും യെമനിൽ സൌദി അറേബ്യ ഉപയോഗിക്കുന്നതും ബി എം പി-3 കവചിതവാഹനപ്പീരങ്കികളാണ്. ഈ മൂന്നു യുദ്ധങ്ങളും ഭീകരർക്കെതിരേയാണ് എന്നതാണ് എടുത്ത് പറയേണ്ടത്.
അതേസമയം ഇന്ത്യയുടെ കമാൻഡോകൾ കെട്ടിടങ്ങൾക്ക് മുകളിലേക്ക് ചാടുകയും കയറുകളും മറ്റ് ഉപകരണങ്ങളുമുപയോഗിച്ച് കെട്ടിടങ്ങളിലേക്ക് തൂങ്ങിയിറങ്ങി ഉള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ഉന്മൂലനം ചെയ്യുന്നതിന്റേയും പരിശീലനം പ്രത്യേകമായി നടത്തി.
ഐക്യരാഷ്ട്രസഭയുടെ അനുശാസനപ്രകാരം ഭീകരവിരുദ്ധ ആക്രമണങ്ങൾ നടത്താനാണ് ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് സൈനികാഭ്യാസത്തിനു പോയ കമാൻഡോകൾ ഇവിടെ വച്ചുതന്നെ കഠിനപരിശീലനത്തിൽ ഏർപ്പെട്ടിരുന്നു എന്നും കമാൻഡോകളിലെ ഏറ്റവും മികച്ചവരെയാണ് സംയുക്ത സൈനികാഭ്യാസത്തിനയച്ചതെന്നും പ്രതിരോധവകുപ്പ് അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിൽ നേരിട്ടൊരു സൈനികനീക്കത്തിന് ഇന്ത്യയും റഷ്യയും മുൻകൈയ്യെടുക്കുന്നില്ലെങ്കിലും ഈ സംയുക്ത സൈനികാഭ്യാസം അത്തരമൊരു സാഹചര്യത്തെ മുൻകൂട്ടിക്കണ്ടിട്ടാവാമെന്ന് പ്രതിരോധവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. “ഇന്ത്യയും റഷ്യയും തമ്മിലുള്ള സുരക്ഷാ സഹകരണത്തിനേയും കാലങ്ങളായി നീണ്ടുനിൽക്കുന്ന സൌഹൃദത്തിനേയും വീണ്ടുമറപ്പിക്കാൻ ഈ സംയുക്ത സൈനികാഭ്യാസം ഒരു നാഴികക്കല്ലാണ്” എന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
ഇറാനെ പിന്തുണയ്ക്കുന്ന ഷിയാ മുൻതൂക്കമുള്ള ഗസ്നി പട്ടണം കൂടി കീഴടക്കി അഫ്ഗാനിസ്ഥാനിൽ താലിബാൻ കിരാതവാഴ്ച നടത്തുമ്പോൾ ഇറാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ വിഷയത്തെ സാകൂതം നിരീക്ഷിക്കുകയാണ്. സ്വന്തം സുരക്ഷയ്ക്ക് ഭീഷണിയായ താലിബാനെ റഷ്യയും ഇറാനും നേരിടാൻ തന്നെയാണ് സാദ്ധ്യത എന്നാണ് പ്രതിരോധവിദഗ്ധരുടെ അഭിപ്രായം. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ കമാൻഡോകൾക്ക് അഫ്ഗാനിസ്ഥാനിലെ നമ്മുടെ പൌരന്മാരേയും നിക്ഷേപങ്ങളേയും നമ്മോട് ആഭിമുഖ്യമുള്ളവരേയും സംരക്ഷിക്കാൻ ഇതുപോലെ കമാൻഡോ ഓപ്പറേഷനുകൾ നടത്തേണ്ടി വന്നേക്കാം. ഈ സംയുക്ത സൈനികാഭ്യാസം അതിനുവേണ്ടിക്കൂടി മുൻകൂട്ടിക്കണ്ടുള്ള പരിശീലനമാവാം എന്നും പ്രതിരോധവിദഗ്ധർ പറയുന്നു.
Discussion about this post