എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത വനിതാ കമ്മീഷന് നല്കിയ പരാതി വിവാദമായിരിക്കെ മുസ്ലിം ലീഗിനെ വെട്ടിലാക്കി എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുള്‍ വഹാബിന്റെ ശബ്ദസന്ദേശം പുറത്ത്. ഹരിത നേതൃത്വത്തെ ഒതുക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് അബ്ദുള്‍ വഹാബ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഹരിതയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കെതിരെയാണ് പ്രധാനമായും ശബ്ദരേഖയില്‍ പറയുന്നത്.
അടുത്തയിടെ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഫാത്തിമ തെഹ്ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അന്ന് ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കിയെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇവരെ മൊത്തത്തിലൊന്ന് കടിഞ്ഞാടിടണമെന്നും ലീഗിനേക്കാളും മേലെ ലീഗിന്റെ അഭിപ്രായവുമായി വരരുതെന്ന കൃത്യമായ നിര്‍ദ്ദേശം ലീഗ് എംഎസ്എഫിന് തന്നിട്ടുണ്ട് എന്നും ശബ്ദരേഖയില്‍ പറയുന്നു. ഹരിത വനിതാ കമ്മീഷന് നല്കിയ പരാതി അച്ചടക്ക ലംഘനമാണെന്നാണ് ഇന്നലെ പിഎംഎ സലാം പറഞ്ഞത്.
Discussion about this post