ആലുവ: പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടർ ജീസൺ ജോണിയെ ഡ്യൂട്ടിക്കിടെ മർദിച്ച കേസിലെ പ്രതി എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീർ(36) അറസ്റ്റിൽ. സംഭവം നടന്നു പത്തു ദിവസത്തിനുശേഷം വെള്ളിയാഴ്ച രാത്രി ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 3ന് ഉച്ചയ്ക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുൻപിലാണ് ഡോക്ടർക്കു മർദനമേറ്റത്. ഭാര്യയും ഒമ്പതു വയസ്സുള്ള കുട്ടിയുമായി ചികിത്സയ്ക്കെത്തിയതായിരുന്നു പ്രതി. കോവിഡ് രോഗബാധിതയായ ഭാര്യ ആശുപത്രിയിലെത്തുമ്പോൾ നെഗറ്റീവായിരുന്നതായി പറയുന്നു. കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർക്കു മർദനമേറ്റത്. പിന്നിൽനിന്നായിരുന്നു ആക്രമണം. വനിതാ നഴ്സുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
സുരക്ഷാ ജീവനക്കാർ എത്തിയാണ് ഡോക്ടറെ ഇയാളുടെ ആക്രമണത്തിൽനിന്നു രക്ഷപെടുത്തിയത്. ഭാര്യയോടു സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്നതാണ് ആക്രമണത്തിനു കാരണമെന്നാണു വിലയിരുത്തൽ. വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുൻപാണ് അവധിക്കെത്തിയത്. അതേസമയം ഡോക്ടർക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭർത്താവിനെ രക്ഷപ്പെടുത്താനുള്ള വ്യാജ പരാതിയാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തൽ.
പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡോക്ടർമാരുടെ സംഘടനകളിൽ നിന്നുൾപ്പടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെയും കോവിഡ് വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവച്ചു ഡോക്ടർമാർ സമരത്തിനിറങ്ങുമെന്നു കഴിഞ്ഞ ദിവസം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സഖറിയാസ് മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്.
Discussion about this post