ഡൽഹി: സമ്പദ്ഘടനയുടെ വികാസത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 100 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ദേശീയ പതാക ഉയർത്തിയ ശേഷം ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
‘ഗതി ശക്തി‘ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ഉദ്പാദകരെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. വരുന്ന കാൽ നൂറ്റാണ്ട് കാലം പുതിയ പ്രതിജ്ഞകളുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാൻ നമുക്ക് സാധിക്കണം. സ്വാതന്ത്ര്യ ദിനം വെറുമൊരു ആഘോഷം മാത്രമായി ചുരുക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, വാക്സിൻ ഉദ്പാദനത്തിനും വിതരണത്തിനുമായി പ്രയത്നിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.
ഒളിമ്പിക്സിൽ ചരിത്രപരമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. അവരുടെ പ്രകടനം രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post