ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ അടിയന്തര ഒഴിപ്പിക്കലില്‍ അമേരിക്കയുടെ സഹായം തേടി ഇന്ത്യ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. താലിബാനെ ബന്ധപ്പെടാന്‍ ഇന്ത്യന്‍ എംബസി ശ്രമിക്കുകയാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാബൂള്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വ്യോമസേന വിമാനങ്ങളിലാണ് എംബസി ഉദ്യോഗസ്ഥരെയും ഇന്ത്യക്കാരെയും കൊണ്ടുവരുന്നത്. കാബൂളില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഡല്‍ഹിയിലെത്തിയേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ ജീവനക്കാരും അര്‍ദ്ധ സൈനികരും ഉള്‍പ്പടെ ഇരുനൂറിലേറെ പേരെ കൂടി ഒഴിപ്പിക്കാനുണ്ട്. ഇന്നലെ എയര്‍ ഇന്ത്യാ വിമാനം കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാന് വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ശ്രമം ഉപേക്ഷിച്ചു.
അതേസമയം ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക സെല്‍ തുടങ്ങി. അഫ്ഗാനില്‍ നിന്നുള്ള പൗരന്മാരുടെ അപേക്ഷയും പരിഗണിക്കും.
Discussion about this post