കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം നിലവിൽ വന്നതോടെ ബുർഖകൾക്ക് വിലക്കയറ്റം. ബുർഖകളുടെ വിലയിൽ പത്ത് മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സ്ത്രീകളുടെ വസ്ത്രധാരണത്തിലും സ്വാതന്ത്ര്യത്തിലുമടക്കം കഠിനമായ ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്നവരാണ് താലിബാൻ. ഇറുകിയ വസ്ത്രങ്ങളും മറ്റും ധരിക്കുന്ന സ്ത്രീകൾക്കെതിരെ ഇവർ മുൻകാലങ്ങളിൽ കഠിനമായ ശിക്ഷകൾ പ്രയോഗിച്ചിരുന്നു.
അതേസമയം അഫ്ഗാൻ സ്ത്രീകൾ അവകാശങ്ങൾക്കായി തെരുവിൽ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം എന്നിവ ആവശ്യപ്പെട്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളും അടിസ്ഥാന അവകാശങ്ങളും ഒന്നിന് വേണ്ടിയും ബലികഴിക്കാനാവില്ലെന്നും അവർ പറയുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം നിലവിൽ വന്നതോടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന് അവിടുത്തെ സ്ത്രീകൾ ഭയപ്പെടുന്നു. സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളും ഭീകരർക്ക് നിർബന്ധിച്ച് വിവാഹം കഴിച്ച് കൊടുക്കുന്ന സംഭവങ്ങളും താലിബാൻ ഭരണത്തിന് കീഴിൽ പതിവാണ്.
Discussion about this post