കാബൂള്‍: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മോഷണം നടത്തിയെന്ന ആരോപണമുയർത്തി അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റർപോളിനോട് അഭ്യര്‍ത്ഥിച്ച് താജിക്കിസ്ഥാനിലെ അഫ്ഗാന്‍ എംബസി. ഗനിയേയും അഫ്ഗാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹുംള്ള മോഹിബ്, ഗനിയുടെ ഉപദേഷ്ടാവ് ഫസെല്‍ മഹ്മൂദ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നത്.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കടത്തിയ പണം രാജ്യാന്തര ട്രൈബൂണലിനെ ഏൽപ്പിക്കണമെന്നും ജനങ്ങളുടെ പണം തിരികെ ലഭിക്കാന്‍ വഴിയൊരുക്കണമെന്നും താജി്ക്കിസ്താനിലെ അഫ്ഗാന്‍ എംബസി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നാല് കാറുകളില്‍ എത്തിച്ച പണവുമായാണ് ഹെലികോപ്ടറില്‍ ഗനി രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം മുഴുവന്‍ ഹെലികോപ്ടറില്‍ ഒപ്പം കൊണ്ടുപോകാൻ കഴിയാതിരുന്നതിനാല്‍ കുറച്ച് പണം ഉപേക്ഷിച്ചതായും റഷ്യന്‍ എംബസി വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ ഗനിയും കുടുംബവും യുഎഇയിൽ ആണ് ഉള്ളത്. രാജ്യം വിട്ട അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതായി യുഎഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അഷ്‌റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
Discussion about this post