കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരം സ്ഥാപിച്ചതിന് പിന്നാലെ ചില വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് താലിബാന്. അഫ്ഗാനിസ്ഥാന്റെ പുതിയ വ്യാപാര ബന്ധങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും താലിബാന് വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
എല്ലാ ലോകരാജ്യങ്ങളുമായും മികച്ച നയതന്ത്ര വ്യാപാര ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് ആഗ്രഹിക്കുന്നത്. ഒരു രാജ്യവുമായുമുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സബീഹുള്ള ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് താലിബാന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് താലിബാന് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തലാക്കി താലിബാന്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്ഗനൈസേഷന് (എഫ്ഐഇഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. രാജ്യത്ത് നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താന് വഴിയായിരുന്നു. താലിബാന് പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അജയ് സഹായ് കൂട്ടിച്ചേര്‍ത്തിരുന്നു.
Discussion about this post