കണ്ണൂർ: മരം മോഷണക്കേസില്‍ സാക്ഷിപറഞ്ഞ പുതുവാച്ചേരി ചക്കരക്കൽ സ്വദേശി ഇ.പ്രജീഷിനെ (33) കൊന്നു കനാലിൽ തള്ളിയ കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. പനയത്തം പറമ്പ് സ്വദേശി പ്രശാന്തിന്റെ (40) അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി മിടാവിലോട് കൊല്ലറോത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇയാൾ കർണാടകയിലേക്ക് കടന്നെന്നാണ് വിവരം.
ഷുക്കൂർ, റിയാസ് എന്നിവർ പ്രതികളായ മരം മോഷണ കേസിൽ പ്രജീഷ് സാക്ഷി പറഞ്ഞിരുന്നു. അതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. കേസിൽ റിമാൻഡ് കഴിഞ്ഞു ജയിലിൽ നിന്നിറങ്ങിയ ഇവരിൽനിന്നു പ്രജീഷിനു ഭീഷണി ഉണ്ടായിരുന്നെന്ന് മൊഴികളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കാണാതായ പ്രജീഷിന്റെ മൃതദേഹം തിങ്കളാഴ്ചയാണ് കനാലിൽനിന്ന് കണ്ടെടുത്തത്.












