തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയും കൊവിഡ് വാക്സിനേഷനും സൗജന്യമായിരിക്കുമെന്ന വാഗ്ദാനം പാലിക്കാതെ പിണറായി സർക്കാർ. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം തുടരുമ്പോഴാണ് സർക്കാർ വക ഇരുട്ടടി. മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ സൗജന്യങ്ങൾ ഏർപ്പെടുത്തുമ്പോഴാണ് സംസ്ഥാന സർക്കാർ വാഗ്ദാനങ്ങളിൽ നിന്നും പിന്മാറുന്നത്.
സൗജന്യ വാക്സിനേഷന് എന്ന പേരിൽ വാക്സിൻ ചലഞ്ച് വഴി പിരിച്ചെടുത്ത തുകയുടെ കാര്യത്തിൽ ഇതു വരെ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്ഥാപനങ്ങളും വ്യക്തികളും കോടികളാണു സംഭാവന ചെയ്തത്. ഈ തുക പ്രത്യേക അക്കൗണ്ടിൽ ശേഖരിക്കുമെന്ന് അന്നു വാക്കു നൽകിയെങ്കിലും ഇതും പിന്നീട് പാലിച്ചില്ല.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ 150 രൂപ സർവീസ് ചാർജ് കൂടി ഈടാക്കിയാണു വാക്സീൻ നൽകുന്നത്. അതേസമയം കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സ്വകാര്യ ആശുപത്രികൾ വഴിയും സൗജന്യമായി വാക്സീൻ നൽകുന്നുണ്ട്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ സർവീസ് ചാർജ് മാത്രം നൽകിയാൽ മതി എന്നതാണ് വസ്തുത.
സംസ്ഥാനത്ത് കോവിഡനന്തര ചികിത്സയ്ക്ക് എപിഎലുകാർ ജനറൽ വാർഡിൽ ഒരു ദിവസം കഴിയുന്നതിന് 750 രൂപ നൽകണം. വെന്റിലേറ്ററിനു ദിവസം 2000 രൂപയാണ്. ബ്ലാക് ഫംഗസ് ചികിത്സ ഉൾപ്പെടെ കോവിഡനന്തര ശസ്ത്രക്രിയകൾക്ക് 27,500 രൂപ വരെയാണു നിരക്ക്.
ഏതു ചികിത്സയ്ക്കും സർക്കാർ ആശുപത്രികളിൽ മുൻപ് പേവാർഡിനു മാത്രമേ തുക ഈടാക്കിയിരുന്നുള്ളൂ. എന്നാൽ മഹാമാരിക്കാലത്ത് പിണറായി സർക്കാർ ഇവിടെയും സൗജന്യം റദ്ദാക്കുകയാണ്.












