കാബൂള്‍: ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ താലിബാന്റെ നീക്കം. ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിനായി വ്യോമയാന വിദഗ്ധര്‍ കാബൂളില്‍ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. വിദഗ്ധരുമായി ഖത്തറില്‍ നിന്നുള്ള വിമാനം കാബൂളില്‍ ലാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലുകള്‍ക്കടക്കം സഹായം ഉറപ്പാക്കാനും സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനുമാണ് കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന.
സാങ്കേതിക സഹായം നല്‍കുന്നത് സംബന്ധിച്ച് ഖത്തറില്‍ നിന്നുള്ള വിദഗ്ധ സംഘം ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ താലിബാന്റെ അഭ്യര്‍ഥന പ്രകാരമാണ് ഖത്തറില്‍ നിന്നുള്ള സംഘം അഫ്ഗാനില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ വിമാനത്താവളത്തെ തകര്‍ത്തുവെന്ന് മുതിര്‍ന്ന താലിബാന്‍ നേതാവ് അനസ് ഹഖാനി പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ച് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്നും അനസ് ഹഖാനി വ്യക്തമാക്കി.
Discussion about this post