പാലക്കാട്∙ പഴമ്പാലക്കോട് സര്‍വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത കുടുംബശ്രീ വായ്പയില്‍ ക്രമക്കേട്. ഇതുമായി ബന്ധപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. വികെ നഗര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബശ്രീ ചെയര്‍പേഴ്സണുമായ ജമീലയെയാണ് ആലത്തൂര്‍ ഏരിയ കമ്മിറ്റി സസ്പെന്‍ഡ് ചെയ്തത്. ക്രമക്കേടില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി പൊലീസില്‍ പരാതി നല്‍കും.
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുവദിച്ച ‘മുറ്റത്തെ മുല്ല വായ്പാ’ പദ്ധതിയിലാണ് ക്രമക്കേടുണ്ടായത്. വായ്പാ പദ്ധതിക്കായി ബാങ്ക് നല്‍കിയ ലക്ഷങ്ങളില്‍ ജമീല കാര്യമായ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍. ഇഷ്ടക്കാര്‍ക്ക് കൂടുതല്‍ തുക വായ്പ അനുവദിച്ചു, പലരുടെയും ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖ ഉപയോഗിച്ച് ഇതുവരെ വായ്പയെടുക്കാത്തവരെയും ബാധ്യതക്കാരാക്കി എന്നിങ്ങനെയാണ് ആരോപണം. കൂലിപ്പണിക്കാരായ നിരവധി പേരാണ് ബാങ്ക് രേഖയില്‍ വന്‍തുകയുടെ കുടിശികക്കാരായത്.
പാര്‍ട്ടിയുടെ എല്ലാ പദവികളില്‍നിന്നും ജമീലയെ മാറ്റിനിര്‍ത്താനാണ് ഏരിയ കമ്മിറ്റിയുടെ തീരുമാനം. ബാങ്ക് ഭരണസമിതി യോഗം ചേര്‍ന്ന് ജമീലയെ വിതരണച്ചുമതലയില്‍നിന്ന് നീക്കി. ക്രമക്കേടിന് സഹായിച്ചുവെന്ന് പരാതി ഉയര്‍ന്നതിനാല്‍ ബാങ്കിലെ താല്‍ക്കാലിക ജോലിയില്‍നിന്ന് ജമീലയുടെ മകനെയും ഒഴിവാക്കി. പൊലീസിലും കുടുംബശ്രീ ജില്ലാ മിഷനിലും സഹകരണ വകുപ്പിലും പരാതി നല്‍കുമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.
വായ്പാ തട്ടിപ്പ് തെളിഞ്ഞതിന് പിന്നാലെ കുടുംബശ്രീ അംഗങ്ങള്‍ ജമീലയ്ക്കെതിരെ നിരവധി പരാതികള്‍ ഉയർത്തിയിരുന്നു. വായ്പ കൈമാറിയതായി രേഖയുള്ള മുഴുവന്‍ ആളുകളുടെയും വിവരം ശേഖരിച്ച് ബാങ്ക് ഭരണസമിതി തുടര്‍നടപടികൾ സ്വീകരിക്കും.
Discussion about this post