കുണ്ടറ: മുഖംമൂടി ധരിച്ച് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചംഗ സംഘം കുടുംബാംഗങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നു. ചൊവ്വാഴ്ച രാത്രി 9.30-ഓടെ കുണ്ടറ മാമൂട് മുണ്ടന്‍ചിറ മാടന്‍കാവിനു സമീപം ചരുവിള പുത്തന്‍വീട്ടിലാണ് മുഖം മൂടിസംഘം ആക്രമണം നടത്തിയത്. സഹോദരങ്ങളായ എസ്.അമ്പിളി (54) ജയചന്ദ്രന്‍ (45) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജയചന്ദ്രന്‍ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. ജയചന്ദ്രന്‍ സ്വകാര്യ ചിട്ടി നടത്തുന്നുണ്ട്. ചിട്ടിയുടെ പിരിവുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ജയചന്ദ്രനു പിന്നാലെയാണ് മുഖംമൂടി സംഘം വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ജയചന്ദ്രനെ മര്‍ദ്ദിച്ചശേഷം കെട്ടിയിട്ടു. ടി.വി.യുടെ ശബ്ദം ഉച്ചത്തിലാക്കിയിട്ട് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഇരുവരുടെയും വായ്മൂടി. വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള നാലുലക്ഷം രൂപ വേണമെന്നതായിരുന്നു സംഘത്തിന്‍റെ ആവശ്യം.
ജയചന്ദ്രനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ ഗ്യാസ് വാങ്ങാനായി സൂക്ഷിച്ചിരുന്ന 900 രൂപയടക്കം വീട്ടില്‍ സൂക്ഷിച്ചിരുന്ന 19,6000 രൂപ അമ്പിളി സംഘത്തിന് നല്‍കി. പിന്നീട് വീട്ടിലുണ്ടായിരുന്ന അലമാരകള്‍ മുഴുവന്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും കൈക്കലാക്കി. ഏഴുപവന്‍റെയും രണ്ടര പവന്‍റെയും മാലകള്‍, ഒരു പവന്‍വീതമുള്ള ഏഴുവളകള്‍, കമ്മല്‍ എന്നിവയാണ് കൈക്കലാക്കിയത്.
പിന്നീട് അമ്പിളിയെയും കെട്ടിയിട്ട് ലൈറ്റുകളണച്ച് വീടുപൂട്ടി താക്കോല്‍ പുറത്ത് ഉപേക്ഷിച്ചു മടങ്ങി. തിരിച്ചു പോകുന്നതിനിടെ സംഘം വീട്ടിനുള്ളിലും പരിസരത്തും മുളകുപൊടി വിതറിയിരുന്നു. പൊലീസും സയന്‍റിഫിക്ക് ഇന്‍വസ്റ്റിഗേഷന്‍ ടീമും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മുളകുപൊടി വിതറിയതു കൊണ്ട് പോലിസ് നായയെ എത്തിച്ച് തെളിവെടുക്കാനായില്ല. അക്രമികളെല്ലാം മലയാളികളാണെന്നും കുടുംബത്തെപ്പറ്റി അറിവുള്ളവരാണെന്നും പോലിസ് പറയുന്നു. പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ ആരംഭിച്ചു.
Discussion about this post