ന്യൂയോർക്ക്: ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരുപതാണ്ട്. 2001ൽ യുഎസിനു നേർക്ക് ഭീകരസംഘടനയായ അൽഖായിദ നടത്തിയ ആക്രമണത്തിൽ മൂവായിരത്തിലേറെപ്പേരാണു കൊല്ലപ്പെട്ടത്. പിന്നാലെ രാജ്യാന്തര ഭീകരതയ്ക്കെതിരായ പോരാട്ടം ഏറ്റെടുത്ത അമേരിക്ക അഫ്ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, ലിബിയ, സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സൈനിക ഇടപെടലുകൾ നടത്തി. മധ്യപൂർവദേശത്തെ രാഷ്ട്രീയവും ഭരണവും സമാധാനവും ഇതോടെ മാറിമറിഞ്ഞു.
ലോകചരിത്രത്തെ പലരീതിയില്‍ വിഭജിക്കാറും അടയാളപ്പെടുത്താറുമുണ്ട്. നാം ജീവിക്കുന്ന ലോകത്തെ രേഖപ്പെടുത്തപ്പെടുക 11 സെപ്റ്റംബര്‍ 2001നുശേഷമുള്ള കാലം എന്നായിരിക്കും. അമേരിക്കയിലെ ഐതിഹാസികമായ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണ്‍ ബില്‍ഡിങ്ങും ആക്രമിക്കപ്പെട്ട ദിവസം. ലോകക്രമത്തെത്തന്നെ മുച്ചൂടും മാറ്റിമറിച്ച ആ ഭീകരാക്രമണം അരങ്ങേറിയിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. കാലിഫോര്‍ണിയ വഴി പോകേണ്ടിയിരുന്ന നാലു യാത്രാവിമാനങ്ങളാണ് 19 പേരടങ്ങുന്ന അല്‍ഖാഇദ ഭീകരസംഘം റാഞ്ചിയത്. അതില്‍ രണ്ടു വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറ്റി. മറ്റൊന്ന് വാഷിങ്ടണിലെ പെന്റഗണ്‍ ബില്‍ഡിങ്ങില്‍, നാലാമത്തെ വിമാനം പെന്‍സല്‍വേനിയയില്‍ തകര്‍ന്നുവീഴുകയും ചെയ്തു.
3000ത്തിലേറെ ജീവനുകളാണ് പൊലിഞ്ഞത്. എത്രയോ ഇരട്ടി പേര്‍ക്ക് പരിക്കേറ്റു. സംഭവം സൃഷ്ടിച്ച മാനസിക-സാമൂഹിക ആഘാതങ്ങള്‍ വിവരണങ്ങള്‍ക്കപ്പുറം. ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടു നീണ്ട തിരച്ചിലിനു ശേഷമാണ് കണ്ടെത്തി വധിച്ചത്. പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞ ലാദനെ 2011 മേയ് രണ്ടിനാണു യുഎസ് സൈനിക കമാൻഡോകൾ വധിക്കുന്നത്. ഭീകരാക്രമണത്തിനു പിന്നാലെ അറസ്റ്റിലായ ഖാലിദ് ഷെയ്‌ക്ക് മുഹമ്മദ് ഉൾപ്പെടെയുള്ള അൽഖായിദ നേതാക്കളുടെ വിചാരണ പൂർത്തിയായിട്ടില്ല.
സെപ്റ്റംബർ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകളിൽ ചിലതു പുറത്തുവിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയിട്ടുണ്ട്. ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ദീർഘനാളായി ആവശ്യപ്പെട്ടിരുന്നതാണിത്. ഇന്ന് ഗ്രൗണ്ട് സീറോയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡന്റ് ബൈഡൻ പങ്കെടുക്കും.
ഇതായിരുന്നു ആ ദിവസത്തെ സംഭവഗതികള്‍:-
രാവിലെ 7.59: ബോസ്റ്റണിലെ ലോഗന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 81 യാത്രക്കാരെയും 11 ജീവനക്കാരെയും വഹിച്ച് ലോസ് ആഞ്ജലസ് വഴിയുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 11ാം നമ്പര്‍ വിമാനം പുറപ്പെടുന്നു. യാത്രക്കാരെന്ന നാട്യത്തില്‍ അഞ്ചു ഭീകരരും അതില്‍ കയറിപ്പറ്റിയിരുന്നു.
8.14: 56 യാത്രക്കാരും ഒമ്പത് ജീവനക്കാരുമടങ്ങുന്ന യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ 175ാം നമ്പര്‍ വിമാനം ലോഗന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നു. ലോസ് ആഞ്ജലസ് വഴിയുള്ള ഈ വിമാനത്തിലും അഞ്ചു ഭീകരര്‍ കയറിയിരുന്നു.
8.19: 11ാം നമ്പര്‍ വിമാനത്തില്‍ ദാനിയേല്‍ ലെവിന്‍ എന്ന യാത്രക്കാരന് ഭീകരിലൊരാളുടെ കുത്തേല്ക്കുന്നു, വിമാനം റാഞ്ചപ്പെട്ടതായി ജീവനക്കാര്‍ അറിയിക്കുന്നു.
8.20: അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 77ാം നമ്പര്‍ വിമാനം വാഷിങ്ടണ്‍ വിമാനത്താവളത്തില്‍നിന്ന് ലോസ് ആഞ്ജലസിലേക്ക് പറന്നുയരുന്നു.
8.42: യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ 93ാം നമ്പര്‍ വിമാനം 33 യാത്രക്കാരും ഏഴു ജീവനക്കാരുമായി പറന്നുയരുന്നു. നാലു ഭീകരര്‍ വിമാനത്തിലുണ്ട്.
8.46: റാഞ്ചപ്പെട്ട 11ാം നമ്പര്‍ വിമാനം വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറിലേക്ക് ഇടിച്ചുകയറുന്നു. വിമാനത്തിലുണ്ടായിരുന്ന 92 പേരും കൊല്ലപ്പെടുന്നു.
8.50: വിമാനം തകര്‍ന്ന വിവരം പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് അറിയിക്കുന്നു.
8.50: 77ാം നമ്പര്‍ വിമാനം തെക്കന്‍ ഒഹായോയില്വെച്ച് റാഞ്ചപ്പെടുന്നു.
9.03: 175ാം നമ്പര്‍ വിമാനം വേള്‍ഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറിലേക്ക് ഇടിച്ചുകയറുന്നു.
9.28: 93ാം നമ്പര്‍ വിമാനം വടക്കന്‍ ഒഹായോയില്‍ റാഞ്ചപ്പെടുന്നു.
9.37: 77ാം നമ്പര്‍ വിമാനം പെന്റഗണ്‍ ബില്ഡിങ്ങിലിടിച്ച് തീ പടരുന്നു.
9.45: വിമാനങ്ങളെല്ലാം അടിയന്തരമായി സമീപ വിമാനത്താവളങ്ങളില്‍ ഇറക്കാന്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്.എ.എ) നിര്‍ദേശം നല്കുന്നു.
9.57: 93ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാര്‍ റാഞ്ചികള്ക്കെതിരെ ചെറുത്തുനിന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു.
9.59: ഇടിയുടെ ആഘാതത്തില്‍ സൗത്ത് ടവര്‍ തകര്‍ന്നു വീഴുന്നു, 800ലേറെ ജീവനാശം.
10.03: യാത്രക്കാരും ജീവനക്കാരും കോക്പിറ്റില്‍ ഇരച്ചു കയറിയതിനു പിന്നാലെ 93ാം നമ്പര്‍ വിമാനം പെന്‍സല്‍വേനിയയില്‍ തകര്‍ന്നുവീഴുന്നു. 40 പേര് മരിക്കുന്നു. മരിച്ചവരില്‍ റാഞ്ചികള്‍ ഇല്ല.
10.28: വിമാനം ഇടിച്ച് 42 മിനിറ്റുകള്‍ക്കുശേഷം നോര്‍ത്ത് ടവറും ഇടിഞ്ഞുവീഴുന്നു. കെട്ടിടത്തിനകത്തും പരിസരത്തുമുണ്ടായിരുന്ന 1600ലേറെ പേരാണ് കൊല്ലപ്പെട്ടത്.
10.50: പെന്റഗണിന്റെ അഞ്ചു നിലകള്‍ തകര്‍ന്നുവീഴുന്നു.
രാത്രി 8.30: വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബുഷ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. ഈ ദുഷ്ടപ്രവൃത്തിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി മറുപടി നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു.
വേൾഡ് ട്രേഡ് സെന്റർ സമുച്ചയം പുനർനിർമിക്കാനുള്ള പദ്ധതി ഇപ്പോഴും പാതിവഴിയിൽ. 2 ടവറുകൾ, ആർട്സ് സെന്റർ, പള്ളി എന്നിവയാണ് പൂർത്തിയാകാൻ ബാക്കിയുള്ളത്. ഗ്രൗണ്ട് സീറോയിൽ 9/11 സ്‌മാരകം ഭീകരാക്രമണത്തിന്റെ 10–ാം വാർഷിക ദിനത്തിൽ തുറന്നുകൊടുത്തിരുന്നു. 1,10,000 ചതുരശ്ര അടി വിസ്‌തീർണമുള്ള മ്യൂസിയം പിറ്റേവർഷം തുറന്നു.
മൻഹാറ്റനിലെ 16 ഏക്കറിലായിരുന്നു വേൾഡ് ട്രേഡ് സെന്റർ. ഇതിന്റെ പകുതിയോളം ഭാഗത്താണു സ്‌മാരകം. ആക്രമണത്തിൽ നിലംപൊത്തിയ 2 ടവറുകൾ നിലനിന്നിരുന്ന അതേ സ്‌ഥലങ്ങളിലായി 2 ജലാശയങ്ങളാണു സ്‌ഥാപിച്ചിരിക്കുന്നത്. ഓരോന്നും ഒരേക്കർ വീതം വ്യാപ്‌തിയുള്ളതാണ്. കൃത്രിമ ജലധാരകളുമുണ്ട്. 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ ജലാശയവക്കിൽ കൊത്തിവച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന് ഉത്തരവാദികളെന്നു യുഎസ് കണ്ടെത്തിയ 5 പേരുടെ വിചാരണ ഇതേവരെ ആരംഭിച്ചിട്ടില്ല. വിചാരണയ്ക്കു മുൻപായി കഴിഞ്ഞയാഴ്ച ഇവരെ ഗൊണ്ടനാമോ ബേയിലെ സൈനിക കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. കോവിഡ് കാരണം 17 മാസങ്ങൾക്കു ശേഷമാണു നടപടി പുനരാരംഭിച്ചത്. ജനുവരിയിൽ നടക്കേണ്ട മിലിറ്ററി ട്രൈബ്യൂണൽ ജൂറി തിരഞ്ഞെടുപ്പും പൂർത്തിയായിട്ടില്ല. കുവൈത്തിൽ വളർന്ന പാക്ക് സ്വദേശി ഖാലിദ് ഷെയ്ഖ് മുഹമ്മദാണ് (56) പ്രതികളിൽ മുഖ്യൻ. ആക്രമണത്തിന്റെ നടത്തിപ്പ് ചുമതല ഇദ്ദേഹത്തിനായിരുന്നു. റംസി ബിൻ അൽ ഷിബ് (49), വിലിദ് ബിൻ അട്ടാ, ഖാലിദ് ഷെയ്ഖിന്റെ ബന്ധു അമ്മർ അൽ ബലൂച്, മുസ്തഫ അൽ ഹവ്സാവി എന്നിവരാണു മറ്റു പ്രതികൾ.
Discussion about this post