ആലപ്പുഴ: കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ ആശുപത്രിയിൽ സംഘർഷം.വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു സംഭവം. കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം മുണ്ടകത്തറ തെക്കേതിൽ രമണൻ(70), ചേർത്തല സ്വദേശി കുമാരൻ എന്നിവരാണു വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്. ഇതിൽ രമണന്റെ മൃതദേഹമാണ് കുമാരന്റെ ബന്ധുക്കൾക്ക് മാറി നൽകിയത്.
രമണന്റെ മൃതദേഹം ഏറ്റുവാങ്ങാനായി ആവശ്യമായ രേഖകളുമായി രാത്രി എട്ടോടെ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തി. പലതവണ തീവ്രപരിചരണ വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും മൃതദേഹം കിട്ടിയില്ലെന്ന് ഇവർ പറയുന്നു. എന്നാൽ രാത്രി ഒൻപതരയോടെ ആംബുലൻസിൽ രമണന്റെ മൃതദേഹം കുമാരന്റെ ബന്ധുക്കൾ ആശുപത്രിയിൽ തിരികെയെത്തിച്ചു. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി കൊണ്ടുപോയി. കുമാരന്റെ മൃതദേഹം അദ്ദേഹത്തിന്റെ ബന്ധുക്കളും ഏറ്റുവാങ്ങി.
സംഭവം വിവാദമായതോടെ ചിലർ ആശുപത്രിയിൽ പ്രതിഷേധിച്ചു. തുടർന്ന് ആശുപത്രി സൂപ്രണ്ട് വിശദീകരണവുമായി രംഗത്തെത്തി. ചേർത്തലസ്വദേശിയുടെ ബന്ധുക്കൾക്കുണ്ടായ തെറ്റാണു സംഭവത്തിനു വഴിവെച്ചതെന്നും കാര്യങ്ങൾ ഇരുകൂട്ടരെയും ബോധ്യപ്പെടുത്തി വിട്ടയച്ചെന്നും സൂപ്രണ്ട് പറഞ്ഞു.
Discussion about this post