തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് നിയമക്കുരുക്കില്‍ അകപ്പെട്ടതോടെ സംസ്ഥാനത്തെ നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയില്‍. സെപ്റ്റംബര്‍ ആറിന് ആരംഭിക്കാനിരുന്ന പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരുന്ന കേസ് ജഡ്ജി അവധിയായതിനാല്‍ 15ലേക്ക് മാറ്റിയിരിക്കുകയാണ്.
പ്ലസ് വണ്‍ പരീക്ഷ എഴുതാനായി 3.68 ലക്ഷം വിദ്യാര്‍ഥികളുടെ പ്ലസ് ടു ഓണ്‍ലൈന്‍/ ഡിജിറ്റല്‍ ക്ലാസുകള്‍ ജൂലൈ അവസാനം മുതല്‍ നിര്‍ത്തി വെച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയായ ശേഷം പ്ലസ് ടു അധ്യയനം പുനരാരംഭിക്കുകയും അടുത്ത മാര്‍ച്ച്/ ഏപ്രിലില്‍ പ്ലസ് ടു പരീക്ഷ എഴുതുകയും ചെയ്യേണ്ടവരാണ്. പ്ലസ് വണ്‍ പരീക്ഷ നിയമക്കുരുക്കിലായതോടെ ഈ വിദ്യാര്‍ഥികളുടെ അധ്യയനവും അനിശ്ചിതത്വത്തിലായി. 4.17 ലക്ഷം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 3.68 ലക്ഷം വിദ്യാര്‍ഥികള്‍ റെഗുലർ വിദ്യാര്‍ഥികളാണ്. അവശേഷിക്കുന്നവര്‍ സ്കോള്‍ കേരളക്ക് കീഴില്‍ പഠനം നടത്തുന്നവരുമാണ്.
പ്ലസ് വണ്‍ പരീക്ഷയെച്ചൊല്ലി പ്ലസ് ടു അധ്യയനം വൈകിയാല്‍ അത് ഇവരുടെ പ്ലസ് ടു പരീക്ഷയെയും ബാധിക്കും. അധ്യയനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ പരീക്ഷ നടത്താന്‍ കഴിയില്ല. ഇത് കേരളത്തിന് പുറത്ത് ഉപരിപഠനം തേടുന്ന വിദ്യാര്‍ഥികളെയടക്കം പ്രതികൂലമായി ബാധിക്കും. പ്ലസ് വണ്‍ പരീക്ഷക്കായുള്ള ചോദ്യപേപ്പറുകള്‍ സെപ്റ്റംബര്‍ മൂന്നോടെ പകുതി സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന സ്കൂളുകളില്‍ എത്രനാള്‍ ചോദ്യപേപ്പര്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്നത് ഹയര്‍ സെക്കന്‍ഡറി പരീക്ഷവിഭാഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 15ന് കേസ് പരിഗണിച്ചാല്‍ തന്നെ അന്നു തന്നെ വിധിയുണ്ടായില്ലെങ്കില്‍ അനിശ്ചിതത്വം പിന്നെയും നീളും. പ്ലസ് വണ്‍ പരീക്ഷ കേരളത്തില്‍ പൊതുപരീക്ഷയാണെന്നും ഉപേക്ഷിക്കുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. പ്ലസ് ടു പരീക്ഷയും എസ്.എസ്.എല്‍.സി പരീക്ഷയും തടസ്സങ്ങളില്ലാതെ കോവിഡ് വ്യാപന കാലത്ത് പൂര്‍ത്തിയാക്കിയതും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരീക്ഷ മാറ്റാനുള്ള നീക്കത്തിന് പിറകില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഇതിനായി തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള അഭിഭാഷകനെ മുന്നില്നിര്ത്തുകയാണെന്നും സര്‍ക്കാര്‍ കരുതുന്നു.
Discussion about this post