തിരുവനന്തപുരം : മുഴുവൻ തടവുകാരും ഒന്നാം ഡോസും പകുതിയിലധികം പേർ രണ്ടാം ഡോസും കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടും രാഷ്ട്രീയ കൊലപാതക കേസ് പ്രതികൾ അടക്കമുള്ളവരുടെ പ്രത്യേക പരോൾ തുടരുന്നു. കോളജും സ്കൂളും തുറക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോയിട്ടും തടവുകാരെ തിരിച്ചു കയറ്റാൻ ആലോചനയില്ല. 125 ദിവസമായി 1290 തടവുകാർ ജയിലിനു പുറത്താണ്. അവസാനം നീട്ടിയ പരോളിന്റെ കാലാവധി അടുത്തയാഴ്ച അവസാനിക്കും.
തടവുകാരെ തിരിച്ചുകയറ്റണമെന്ന ഒരു ശുപാർശയും ജയിൽവകുപ്പ് നൽകിയിട്ടില്ല. 2020ലും 2021ലുമായി കോവിഡിന്റെ പേരിൽ കൃത്യം ഒരു വർഷമാണു ജയിലിലെ നാലിലൊന്നു തടവുകാർക്ക് അവധി ലഭിച്ചത്. പുറത്തു നിന്ന കാലവും ശിക്ഷാ കാലാവധിയിൽ ഉൾപ്പെടുത്തും. രാഷ്ട്രീയ കൊലപാതകക്കേസിലെ കുറ്റവാളികൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്നതിനാൽ അവധി നീട്ടാനാണു രാഷ്ട്രീയ നേതൃത്വത്തിനു താൽപര്യം.
കോവിഡ് പശ്ചാത്തലത്തിൽ, തടവുകാർക്ക് ആവശ്യമെങ്കിൽ പ്രത്യേക അവധി നൽകാമെന്ന് ഒന്നാം കോവിഡ് വ്യാപനസമയത്തു സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2020ൽ കേരളം എട്ടു മാസമാണു പ്രത്യേക അവധി അനുവദിച്ചത്. മാർച്ച് അവസാനത്തോടെ പുറത്തിറങ്ങിയ തടവുകാർ തിരിച്ചു കയറിയത് നവംബർ അവസാനത്തോടെ.
ഈ വർഷം കോടതി നിർദേശം എത്തുന്നതിനു മുൻപു തന്നെ മേയിൽ സർക്കാർ രണ്ടാഴ്ചത്തെ പ്രത്യേക പരോൾ നൽകി. സാധാരണ പരോളിന് അർഹതയുള്ളവർക്കു കോവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തിൽ 90 ദിവസം വരെ പരോൾ നൽകാമെന്നു സുപ്രീം കോടതിയുടെ നിർദേശം വന്നത് ഇതിനു ശേഷമാണ്. മേയിൽ പുറത്തിറങ്ങിയവർക്ക് ഇങ്ങനെ 90 ദിവസം കൂടി അനുവദിച്ചു.
സുപ്രീം കോടതി നിർദേശിച്ച പരോൾ ഓഗസ്റ്റിൽ അവസാനിച്ചെങ്കിലും സർക്കാർ മൂന്നു തവണയായി ഒന്നര മാസമാണു വീണ്ടും നീട്ടിയത്. ഒടുവിൽ നീട്ടിയ കാലാവധി 21ന് അവസാനിക്കും. വർഷം പരമാവധി 60 ദിവസമാണു തടവുകാർക്കു ലഭിക്കാവുന്ന സാധാരണ പരോൾ. തുറന്ന ജയിലിൽ ഇത് പരമാവധി 75 ദിവസമാണെന്നിരിക്കെയാണ് ഒരു വർഷമായി 1290 തടവുകാർ പുറത്തുകഴിയുന്നത്.
നിലവിൽ 5200 തടവുകാർ ജയിലിലുണ്ട്. പുറത്തുള്ളവർ കൂടി തിരിച്ചു വന്നാൽ സാമൂഹിക അകലം പാലിക്കപ്പെടില്ലെന്ന ആശങ്കയാണു ജയിൽ അധികൃതരുടേത്. ശരാശരി ഏഴു ശതമാനം തടവുകാർ ജയിൽ ശേഷിയേക്കാൾ അധികമാണ്. ആകെ തടവുകാരുടെ 40 ശതമാനം പേർ പുറത്തു നിന്നാൽ മാത്രമെ സാമൂഹിക അകലം കൃത്യമായി പാലിക്കാനാകൂവെന്നും ജയിൽ വകുപ്പ് പറയുന്നു.
എന്നാൽ ഉദ്യോഗസ്ഥർ മുഴുവൻ പേരും, തടവുകാരിൽ പകുതിപ്പേരും രണ്ടാം ഡോസ് വാക്സീനെടുത്ത സാഹചര്യത്തിൽ ഇനിയും അവധി നീട്ടി നൽകുന്നതു കോടതിയുടെ ശിക്ഷാവിധിയോടുള്ള അവഹേളനമാകുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. പുറത്തു നിൽക്കുന്ന തടവുകാരിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനി ഒഴികെയുള്ള പ്രതികളുമുണ്ട്.
290 ദിവസത്തെ കൊറോണ പ്രത്യേക അവധി കൂടാതെ ടിപി കേസ് പ്രതികൾക്ക് 291 ദിവസം വരെ ജയിൽ വകുപ്പ് അവധി നൽകിയെന്നു നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. നിലവിൽ ശിക്ഷയനുഭവിക്കുന്നവരിൽ സിപിഎം പ്രാദേശിക നേതാവ് കൂടിയായിരുന്ന കെ.സി.രാമചന്ദ്രനാണ് ഏറ്റവുമധികം സാധാരണ–അടിയന്തര അവധി നൽകിയത്. 2014 മുതൽ ഇതുവരെ 291 ദിവസമാണ് അനുവദിച്ചത്.
ഹൈക്കോടതി നിർദേശപ്രകാരം കൂടുതൽ അവധി ലഭിച്ച (ആകെ 327 ദിവസം) പി.കെ.കുഞ്ഞനന്തൻ പ്രത്യേക ജാമ്യത്തിലിരിക്കെ അന്തരിച്ചിരുന്നു. 2017 മുതൽ കിർമാണി മനോജിന് 180 ദിവസവും അനൂപിന് 175 ദിവസവും അണ്ണൻ സിജിത്തിന് 255 ദിവസവും റഫീഖിനു 170 ദിവസവും ട്രൗസർ മനോജന് 257 ദിവസവും മുഹമ്മദ് ഷാഫിക്കു 180 ദിവസവും ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവും അവധി നൽകി. 2020ൽ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കൊറോണ അവധി കൂടാതെയാണിത്.
പൂജപ്പുര സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ മൊബൈൽ ഫോൺ പിടികൂടിയതിനാൽ കൊടി സുനിയെ വിയ്യൂരിലേക്കു മാറ്റിയിരുന്നു. ജയിലിൽ കിടക്കുമ്പോൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ നിശ്ചിത കാലത്തേക്ക് അവധി ലഭിക്കില്ല. അതുകൊണ്ടാണു 2020ലെ പ്രത്യേക അവധിക്കു പരിഗണിക്കാതിരുന്നത്. മൂന്നാഴ്ച മുൻപു വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് കൊടി സുനിയുടെ കയ്യിൽനിന്നു ബ്ലൂടൂത്ത് ഹെഡ്സെറ്റ് അടക്കം മൊബൈൽ ഫോൺ പിടികൂടിയതിനാൽ ഇത്തവണത്തെ പ്രത്യേക അവധിക്കും പരിഗണിക്കാനാകാതെ വന്നു. ഫോൺ പിടിച്ചതിനെത്തുടർന്ന് അതീവ സുരക്ഷാ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്.
Discussion about this post