കോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേക്കേറിയ കെ.പി. അനില്‍ കുമാറിന്‍റെ പരാമർശം ചർച്ചയാകുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ അനുമതി ഇല്ലാതെ മാധ്യമങ്ങളെ കാണാന്‍ കഴിയില്ലെന്നാണ് സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അനില്‍ കുമാര്‍ വ്യക്തമാക്കിയത്.
“താനിപ്പോള്‍ കോണ്‍ഗ്രസിലല്ല. സി.പി.എമ്മില്‍ ആണ്. പാര്‍ട്ടി സെക്രട്ടറിയുടെ അനുമതി ഇല്ലാതെ മാധ്യമങ്ങളെ കാണാന്‍ കഴിയില്ല. പഴയ പോലയല്ല. തന്‍റെ സ്വഭാവം മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മൈക്ക് കൊണ്ടു വരുമ്പോള്‍ അഭിപ്രായം പറയുന്ന പാര്‍ട്ടിയിലല്ല താനിപ്പോള്‍ നിൽക്കുന്നത്”- അനില്‍ കുമാര്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ വക്താക്കള്‍ അല്ലാത്തവര്‍ പോലും വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് കോണ്‍ഗ്രസില്‍ സാധാരണ കണ്ടുവരുന്നത്. ഈ ശൈലി സി.പി.എം പോലുള്ള കേഡര്‍ രാഷ്ട്രീയ പാര്‍ട്ടികളില്ല. യോഗ തീരുമാനങ്ങളും മറ്റും സംസ്ഥാന തലത്തില്‍ സംസ്ഥാന സെക്രട്ടറിയും ജില്ലാ തലത്തില്‍ ജില്ലാ സെക്രട്ടറിയുമാണ് മാധ്യമങ്ങളോട് നേരിട്ടോ പത്രകുറിപ്പ് വഴിയോ അറിയിക്കാറ്.
കെ.പി.സി.സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കഴിഞ്ഞ ദിവസം സി.പി.എമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടി ബന്ധം അവസാനിപ്പിക്കും മുമ്പ് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അനില്‍കുമാര്‍ കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.
Discussion about this post