തിരുവനന്തപുരം: ബില്ല് പാസാക്കി നല്കാന് കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട ജല അതോറിറ്റി എന്‍ജിനിയർ അറസ്റ്റിൽ. പബ്ലിക് ഹെല്‍ത്ത് വടക്കന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോണ്‍ കോശിയാണ് വിജിലൻസ് പിടിയിലായത്.
കരാറുകാരനില്‍ നിന്നും 25,000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. തിരുവനന്തപുരം പിഎച്ച് നോര്‍ത്ത് ഡിവിഷന് കീഴിലെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലാണ് എന്‍ജിനിയര്‍ തടഞ്ഞുവച്ചത്.
നിരവധി തവണ ബില്ല് മാറികിട്ടാന്‍ ഓഫീസ് കയറിയിറങ്ങിയെങ്കിലും സാധിച്ചില്ല. 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും കരാറുകാരന് നല്കാന് തയാറായില്ല.
പിന്നീട് കരാറുകാരന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും മുഴുവന്‍ പണവും ലഭിച്ചില്ല. ഇതിനായി വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് കരാറുകാരന് വിജിലന്‍സിന് വിവരം നല്‍കിയത്.
Discussion about this post