പാലക്കാട്: മൂന്നരക്കോടിയുടെ കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതിയില്‍ സി.പി.എമ്മില്‍ അച്ചടക്കനടപടി. സി.കെ. ചാമുണ്ണിയെ ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയില്‍ തുടരും.
റൈസ് പാര്‍ക്ക് കണ്‍സോര്‍ഷ്യം സെക്രട്ടറി ആര്. സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ സി.കെ. ചാമുണ്ണിയുടെ ബന്ധുവാണ് പുറത്താക്കപ്പെട്ട ആര്. സുരേന്ദ്രന്.
പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയതിന് വടക്കഞ്ചേരി ഏരിയ സെക്രട്ടറി കെ. ബാലനെ തരംതാഴ്ത്തി. ബാലനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി. റൈസ് പാര്‍ക്കിനായി 27.66 ഏക്കര്‍ ഭൂമിയാണ് കണ്‍സോര്‍ഷ്യം വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാല്‍ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള പ്രദേശത്ത്, ഏക്കറിന് ഏഴ് ലക്ഷം രൂപ അധികം നല്കി ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സി.പി.എം നേതാക്കളുടെ പരാതി.
കണ്‍സോര്‍ഷ്യത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നും, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ ജില്ലാ നേതൃത്വത്തിന് പരാതി നല്കി. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പരാതി നല്‍കിയത്. എന്നാല്‍, ജില്ലാ നേതൃത്വം നടപടിയെടുത്തില്ല. ഇതോടെ പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കി.
Discussion about this post