ന്യൂയോര്‍ക്: ഘട്ടം ഘട്ടമായുള്ള പ്രക്രിയയിലൂടെ ആണവ നിരായുധീകരണം എന്ന സാര്‍വദേശീയ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു. 76മത് ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്‍റെ ഭാഗമായി ആണവായുധങ്ങളുടെ സമ്പൂർണ്ണ ഉന്മൂലനത്തിനുള്ള അന്താരാഷ്ട്ര ദിനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യ സെക്രട്ടറി.
‘സാര്‍വത്രികവും വിവേചനരഹിതവും പരിശോധനാ വിധേയവുമായ ആണവ നിരായുധീകരണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആഗോള ചട്ടക്കൂട് ഇതിനായി തയാറാക്കണം. ആണവായുധരഹിത ലോകം യാഥാര്‍ഥ്യമാക്കുന്നതിന് ഇന്ത്യ എല്ലാ അംഗരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഉത്തരവാദിത്തമുള്ള ആണവായുധ രാജ്യമെന്ന നിലയില്‍, ആണവായുധേതര രാജ്യങ്ങള്‍ക്കെതിരെ ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളതാണ്’- വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
Discussion about this post