തിരുവനന്തപുരം: പേയാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. പേയാട് സ്വദേശികളായ അനീഷും സജിയുമാണ് ആന്ധ്രയിൽ നിന്ന് ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത്. അനീഷും സജിയും ഒളിവിലാണ്.
എക്സൈസ്- പൊലീസ് പരിശോധനകളെ മറികടക്കാനാണ് ഏജൻറുമാരുടെ പുതിയ തന്ത്രം. ആന്ധ്രയിൽ പോയി കഞ്ചാവ് വിളവെടുത്ത ശേഷം തലസ്ഥാനത്ത് ആവശ്യക്കാരെ വിവരമറിയിക്കും. അക്കൗണ്ടിൽ പണമിട്ടാൽ പാഴ്സൽ വഴി കഞ്ചാവെത്തിക്കും. പാഴ്സൽ അയച്ച ശേഷം ബില്ല് കൊറിയർ വഴി തിരുവനന്തപുരത്തേക്ക് അയക്കും.
അങ്ങനെ തിരുവനന്തപുരത്ത് എത്തിച്ച 187 കിലോ കഞ്ചാവ് സജി പാഴ്സൽ സർവ്വീസിൽ നിന്നുമെടുത്ത് പേയാടുള്ള അനീഷിൻറെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇവരുടെ നീക്കങ്ങല്‍ നിരീക്ഷിച്ചിരുന്നു. ഇന്നലെ അനീഷിൻറെ വീട്ടിൽ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി.
എക്സൈസ് സംഘത്തെ കണ്ട സജി ഓടി രക്ഷപ്പെട്ടു. ഇവർ രണ്ടുപേരും തിരുവനന്തപുരത്ത് ഡ്രൈവർമാരായി ജോലി ചെയ്യുകയാണ്. ഇവരുടെ സഹായിക്കുന്ന മൂന്നുപേരെ കൂടി എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post