വാഷിങ്ടൺ: ഫെയ്‌സ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും കുറച്ചു മണിക്കൂറുകൾ പണിമുടക്കിയതോടെ സുക്കർബർഗിനുണ്ടായത് 700 കോടി ഡോളർ നഷ്ടം. സംഭവത്തെത്തുടർന്ന് തിങ്കളാഴ്ച ഓഹരി വിലയിൽ 4.9 ശതമാനം ഇടിവുണ്ടായതോടെ സുക്കർബർഗിന്റെ ആസ്തി 121.6 ബില്യൻ ഡോളറായി കുറഞ്ഞു. ലോക സമ്പന്ന പട്ടികയിൽ മൂന്നാമതുണ്ടായിരുന്ന അദ്ദേഹം അഞ്ചാം സ്ഥാനത്തേക്ക് താഴ്ത്തപ്പെടുകയും ചെയ്തു. ശതകോടീശ്വരൻമാരുടെ പട്ടികയിൽ ബിൽ ഗേറ്റ്‌സിനു താഴെയാണ് നിലവിൽ സുക്കർബർഗ്.
മണിക്കൂറുകൾക്കുള്ളിൽ ഫെയ്സ്ബുക്കിന്റെ ഓഹരിവില 4.9 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. ഫെയ്സ്ബുക്കിന്റെ ആഭ്യന്തര ആശയവിനിമയ സംവിധാനങ്ങളായ വോയ്സ് കോൾ, വർക്ക് ആപ്പുകൾ തുടങ്ങിയവയെയും തടസ്സം കാര്യമായി ബാധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.
ആറു മണിക്കൂർ നേരത്തെ ആഗോള നിശ്ചലതയ്ക്കു ശേഷമാണ് സാമൂഹിക മാധ്യമങ്ങളായ ഫെയ്സ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും തിരിച്ചെത്തിയത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 9.15-ഓടെ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാധ്യമങ്ങളുടെ സേവനം നിലച്ചത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളെ ബാധിച്ചു. ഫെയ്സ്ബുക്ക് മെസഞ്ചറിന്റെയും ഗെയിമിങ് പ്ലാറ്റ്ഫോം ഓക്യുലസിന്റെയും സേവനവും തടസ്സപ്പെട്ടിരുന്നു.
ആഭ്യന്തര സെർവറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റൗട്ടറുകളിലെ കോൺഫിഗറേഷൻ മാറ്റത്തിൽ സംഭവിച്ച പിശകാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഫെയ്സ്ബുക്കിന്റെ വിശദീകരണം. ഇതിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി തെളിവുകളില്ലെന്നും കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വ്യക്തമാക്കി.
ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാർക്ക് സുക്കർബർഗ് മാപ്പുപറഞ്ഞു. തടസ്സമുണ്ടായതിൽ ഖേദിക്കുന്നതായും പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലർത്താൻ തങ്ങളുടെ സേവനങ്ങളെ ആളുകൾ എത്രത്തോളം ആശ്രയിക്കുന്നെന്ന കാര്യം അറിയാമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് സന്ദേശത്തിൽ പറഞ്ഞു.
Discussion about this post