തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് അഞ്ചു വർഷത്തിനിടെ പിടികൂടിയത് 71 മൊബൈൽ ഫോണുകൾ. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി അടക്കമുള്ളവർ ജയിലിൽനിന്ന് ഫോണിലൂടെ മാഫിയാ സംഘങ്ങളെ വരെ നിയന്ത്രിക്കുന്നുവെന്നും ഇത്തരത്തിലുള്ളവരുടെ വരുമാനം വലിയ രീതിയിൽ വർധിക്കുന്നു എന്നുമാണ് പൊലീസ് റിപ്പോർട്ട്. തടവുകാരുടെ ഫോൺ കോൾ വിശദാംശങ്ങൾ ലഭിച്ചെങ്കിലും ഫോണുകൾ പിടിച്ചെടുക്കാനാകാത്ത നിരവധി സംഭവങ്ങളുണ്ട്. അതുകൂടി കൂട്ടിയാൽ 2017നുശേഷം ജയിലിലെത്തിയ ഫോണുകളുടെ എണ്ണം 200 കടക്കുമെന്ന് അധികൃതർ പറയുന്നു.
ഭൂരിപക്ഷം ഫോണുകളും വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽനിന്നാണ് പിടിച്ചെടുത്തത്. തിരുവനന്തപുരത്തെ വനിതാ ജയിലിൽനിന്ന് രണ്ടു ഫോൺ പിടികൂടി. സിം കാർഡ്, പവർ ബാങ്ക്, ബാറ്ററി, ബ്ലൂടൂത്ത് ഇയർബഡ്, യുഎസ്ബി കേബിൾ, ഡാറ്റാ കേബിൾ, കാർഡ് റീഡർ തുടങ്ങിയവയും വിവിധ ജയിലുകളിൽനിന്ന് പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
സർക്കാർ നിർദേശപ്രകാരം, ജയിലിനുള്ളിലെ ഡ്യൂട്ടിക്കിടെ ജീവനക്കാരും ഫോൺ ഉപയോഗിക്കാൻ പാടില്ല. തടവുകാർക്ക് ജയിൽ അധികൃതർ ഒരുക്കിയ മുറിയിൽനിന്ന് ആഴ്ചയിൽ രണ്ടു ദിവസമാണ് ഫോൺ ചെയ്യാൻ അനുമതി. ഈ വിളികൾ റെക്കോർഡ് ചെയ്യും. കോഫെപോസ തടവുകാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഫോൺ ചെയ്യാം. കോവിഡ് കാരണം സന്ദർശനവിലക്കു വന്നതോടെ മാസം 450 രൂപയ്ക്ക് ഫോൺ വിളിക്കാം. നേരത്തെ ഇതു 250രൂപയായിരുന്നു.
Discussion about this post