തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് നാളെ ഏറ്റെടുക്കുമ്പോള്‍, കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി യൂസര്‍ ഫീ ഒഴിവാക്കുന്നത് സജീവ പരിഗണനയില്‍.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വരവോടെ, തിരുവനന്തപുരം വിമാനത്താവളത്തിലേക്കുളള യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനം ഇടിവാണുണ്ടായത്. ഒരു യാത്രക്കാരനില്‍ നിന്ന് ആയിരം രൂപയ്‌ക്കടുത്ത് ഈടാക്കുന്ന യൂസര്‍ ഫീയാണ് പ്രശ്നമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. യൂസര്‍ ഫീ കുറച്ചാല്‍ യാത്രാനിരക്ക് കുറയുമെന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കും. നെടുമ്പാശ്ശേരിയിലും കണ്ണൂരിലും യൂസര്‍ ഫീ ഇല്ലാത്തതും അദാനി ഗ്രൂപ്പിനെ ഇതിന് നിര്‍ബന്ധിതരാക്കും.
സര്‍വീസുകള്‍ പൂര്‍ണമായും രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റി ആഭ്യന്തര ടെര്‍മിനലിനെ കാര്‍ഗോ കോംപ്ലക്‌സാക്കാന്‍ അദാനി ഗ്രൂപ്പിന് ആലോചനയുണ്ട്. ഇതിന്റെ സാദ്ധ്യതകള്‍ ആരാഞ്ഞപ്പോള്‍, വ്യവസായികള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. തിരുവനന്തപുരത്തിന് മുകളിലൂടെ ദിനം പ്രതി നൂറിലേറെ വിമാനങ്ങളാണ് പറക്കുന്നത്. ഇവയ്‌ക്ക് ഇന്ധനം നിറയ്‌ക്കാനുളള സംവിധാനമൊരുക്കലും ആലോചിക്കുന്നുണ്ട്.
രാജ്യത്തെ സുരക്ഷിത വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരത്തേതെങ്കിലും അദാനി ഗ്രൂപ്പിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനങ്ങളുണ്ടെങ്കിലും യൂറോപ്യന്‍-അമേരിക്കന്‍ യാത്രക്കാരുടെ ഇന്ത്യന്‍ ഹബ്ബ് ദുബായ് ആണ്. കടല്‍ തീരത്തിനടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിന് രണ്ടാമതൊരു റണ്‍വേയാണ് ഇനി അനിവാര്യം. എന്നാല്‍ കടല്‍ക്ഷോഭം വേട്ടയാടുന്ന നഗരത്തില്‍ ഇത് സാദ്ധ്യമാക്കുക അത്ര എളുപ്പമല്ല.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് മറ്റൊരു പ്രശ്‌നം. മൂന്നും നാലും മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ട യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള ലോഞ്ചില്‍ പോലും സൗകര്യങ്ങള്‍ കുറവാണ്.
Discussion about this post