കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്പതായി; കാണാതായവർക്കായി തെരച്ചിൽ തുടങ്ങി
കൂട്ടിക്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കനത്ത നാശം വിതച്ച അപ്രതീക്ഷിത പേമാരിയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. 11 പേരെ കാണാതായി.
കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ കുടുംബത്തിലെ ആറുപേർ ഉരുൾപൊട്ടലിൽ മരിച്ചു. വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) ക്ലാരമ്മ ജോസഫ് (65), മകൻ മാർട്ടിൻ, ഭാര്യ സിനി (35), മക്കളായ സോന (11), സ്നേഹ, സാന്ദ്ര എന്നിവരാണ് മരിച്ചത്. ഇവരിൽ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ചളിയിൽ പൂണ്ട് കിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പുറത്തെടുക്കാനായിട്ടില്ല.
ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് യുവാവും യുവതിയും മരിച്ചു. കാഞ്ഞാർ-മണപ്പാടി റോഡിലാണ് അപകടം. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടി വീട്ടിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (32) എന്നിവരാണ് മരിച്ചത്. പ്ലാപ്പള്ളിയിൽ ഉരുള്പൊട്ടി നാലു പേരെയും കൊക്കയാറിൽ എട്ട് പേരെയും കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
ആൻസി(45), ചിറയിൽ ഷാജി(50), പുതുപ്പറമ്പിൽ ഷാഹുലിെൻറ മകൻ സച്ചു(മൂന്ന്), കല്ലുപുരക്കൽ ഫൈസൽ നസീറിെൻറ മക്കളായ അപ്പു, മാളു, ഫൈസലിെൻറ സഹോദരി ഫൗസിയ മക്കളായ അഹ്യാൻ, അഫ്സാന എന്നിവരേയാണ് കൊക്കയാറിൽ കാണാതായത്. ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി, മകൻ, തൊട്ടിപറമ്പിൽ മോഹനന്റെ ഭാര്യ സരസമ്മ(60), മുണ്ടകശ്ശേരിയിൽ വേണുവിന്റെ ഭാര്യ റോഷ്നി എന്നിവരെയാണ് പ്ലാപ്പള്ളിയിൽ കാണാതായത്. കൊക്കയാര് പൂവഞ്ചിയിൽ മൂന്നുവീടുകൾ ഒലിച്ചുപോയി.
Discussion about this post