പ്രളയം സംഹാര താണ്ഡവമാടിയ കൂട്ടിക്കലിൽ ദൈവദൂതരെപ്പോലെയെത്തി നിസ്വാർത്ഥ സേവനം ചെയ്യുന്ന സേവാഭാരതിയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഷിബി പി കെയുടെ പോസ്റ്റിൽ പ്രളയത്തിന്റെ ഭീകരതയും രാഷ്ട്രീയ നേതാക്കളുടെ നിസ്സംഗതയും വ്യക്തമായി വരച്ചു കാട്ടുന്നു. സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തുന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം:
കൂട്ടിക്കൽ എന്ന പ്രകൃതിരമണീയമായ എന്റെ ഗ്രാമം ഇന്നൊരു ശവപ്പറമ്പുപോലെ കിടക്കുന്നു…. മാധ്യമങ്ങൾ പറയുന്നതുപോലെ വെറും ഒന്നോരണ്ടോ ഉരുൾപൊട്ടൽ ആയിരുന്നില്ല… ഏതാണ്ട് പത്തിരുപത് കിലോമീറ്റർ അകലെനിൽക്കുന്ന ഉറുമ്പിക്കര മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞിറങ്ങി, വഴിയിൽ കണ്ടതൊക്കെ തച്ചുതകർത്തുകൊണ്ടിങ്ങു കിലോമീറ്ററുകളോളം സംഹാരതാണ്ഡവമാടി…!!
മഴവന്നാൽ മണിമലയാറ്റിലെ വെള്ളം നോക്കി അപകടം പ്രവചിക്കുന്ന നാട്ടുകാരുടെ എല്ലാ പ്രതീക്ഷകളെയും തച്ചുതകർത്ത് മലവെള്ളം ആർത്തിരമ്പി വന്നത് പുഴക്കുപകരം റോഡിലൂടെ…!! കാടും, മലയും, വെള്ളവും ഒക്കെക്കൂടി ആർത്തിരമ്പിവരുന്ന ഭയാനക ശബ്ദം കേട്ട ജനങ്ങളെല്ലാം ജീവനും വാരിപ്പിടിച്ചുകൊണ്ടു പൊക്കമുള്ള സ്ഥലങ്ങളിൽ ഓടിക്കയറി…!! വീടുകളുടെ മുകളിലൂടെ വെള്ളം കുത്തിയൊലിച്ചു.. വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങി… ഉടുതുണിയല്ലാതെ എല്ലാം നഷ്ടപ്പെട്ടവർ ആയിരക്കണക്കിന്… പകൽ 11 മണിക്കായതുകൊണ്ടു മരണം വളരെ കുറവാണ്…!! അല്ലെങ്കിൽ ആയിരക്കണക്കിന് മനുഷ്യർ ഇന്ന് മണ്ണോടുചേർന്നേനെ…!!
മാധ്യമംങ്ങളിൽ കാണുന്നപോലെ അത്ര ചെറുതല്ല കാര്യങ്ങൾ… പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് പാവപ്പെട്ടവർ താമസിച്ചിരുന്ന കോളനികളൊക്കെ അപ്പാടെ തുടച്ചു നീക്കപ്പെട്ടു… കൂട്ടിക്കൽ എന്ന കൊച്ചു ടൌൺ, കണ്ടാൽ തിരിച്ചറിയാൻ പറ്റാത്തവിധം തകർന്നുപോയി… അവശേഷിക്കുന്നത് പുതുതായി പണിത കുറെ കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രം…!! ചുരുക്കിപ്പറഞ്ഞാൽ, കൂട്ടിക്കൽ എന്നൊരു പഞ്ചായത്തിനെ മുഴുവൻ മലവെള്ളം കശക്കിയെറിഞ്ഞു..!!
ഒരുനാട് മുഴുവൻ ദുരിതാശ്വാസ ക്യാംപിൽ… ഈറൻ മാറാൻ ഒരു തുണിപോലും ആർക്കുമില്ല… കുടിവെള്ളമില്ല… ഒന്നും വാങ്ങാൻ കടകളില്ല… മാധ്യമ ശ്രദ്ധ കിട്ടിയില്ല… ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത് നാട്ടുകാരാണ്… ആരെയും കുറ്റപ്പെടുത്തുകയല്ല… റോഡുകളും, പാലങ്ങളും ഒക്കെ തകർന്ന്, ഫോണും ഇന്റർനെറ്റും, ഇലക്ട്രിസിറ്റിയും ഒന്നുമില്ലാതെ ഒറ്റപ്പെട്ടുപോയ ഉൾപ്രദേശങ്ങൾ ആരുമെത്താതെ കിടന്നു… നാട്ടുകാർ കണ്ടെടുത്ത ശവശരീരങ്ങൾ പോലും സംസ്കരിക്കാനോ, ആശുപത്രിയിൽ എത്തിക്കാനോ കഴിഞ്ഞില്ല..!!
എന്റെ സഹോദരിയുടെ വീടും മുങ്ങി… വെള്ളമിറങ്ങിയപ്പോൾ, ചെളിയിൽ മുങ്ങിപ്പോയ വീടുകൾ എങ്ങനെ വൃത്തിയാക്കുമെന്നറിയാതെ നാട്ടുകാർ നിസ്സഹായരായി നിൽക്കുന്ന കാഴ്ച്ച… കാരണം, ഒരു തൂമ്പയോ, മൺവെട്ടിയോ പോലും ഒരിടത്തുമില്ല… മുറ്റത്താണ് നാട്ടുകാർ സാധാരണ അതൊക്കെ സൂക്ഷിക്കുക… എല്ലാം ഒഴുകിപ്പോയി..!! ബാക്കിയുള്ളവ മണ്ണിൽപുതഞ്ഞു..!!
വെള്ളക്കുപ്പായമിട്ട ചില രാഷ്ട്രീയക്കാർ വന്നു കാര്യങ്ങൾ നിരീക്ഷിച്ചു പോകുന്നത് ടിവിയിൽ കണ്ടു… പക്ഷേ, ഇന്ന് രാവിലെ, സേവാഭാരതിയുടെ അൻപതോളം വോളന്റിയേഴ്‌സ് ഒരു ടിപ്പർ ലോറിയിൽ അവിടെ വന്നിറങ്ങി.. വണ്ടിനിറയെ പണി ആയുധങ്ങളും, ഭക്ഷണ സാമഗ്രികളുമായി എത്തിയ അവർ ചേച്ചിയുടെ വീടും, ജാതിമത രാഷ്ട്രീയ ഭേദമന്യേ അയല്പക്കത്തെ വീടുകളും വൃത്തിയാക്കി തുടങ്ങി.. അവർ കൊണ്ടുവന്ന പഴങ്ങളും, ഭക്ഷണസാധനങ്ങളും, വെള്ളവും നാട്ടുകാർക്കെല്ലാം കൊടുത്തു.. ടൺ കണക്കിന് ചെളിയടിഞ്ഞ വീടിന്റെ ക്ളീനിങ് എവിടെയും എത്തിയില്ല… നാളെയും വാരാമെന്നു പറഞ്ഞവർ തിരികെ പോയി…!!
പാമ്പും, കുപ്പിച്ചില്ലും, വളർത്തുമൃഗങ്ങളുടെ ചീഞ്ഞ ശവങ്ങളും, നാട്ടിലുള്ള സകല മാലിന്യങ്ങളും വന്നടിഞ്ഞ വീടുകളിൽ ആത്മസമർപ്പണത്തോടെ, ലാഭേച്ഛയില്ലാതെ പണിയെടുക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യർ… മറക്കില്ല ഈ സഹായം ജീവനുള്ള കാലം… എല്ലാം നഷ്ടപ്പെട്ടു, പെരുമഴയുടെ മുന്നിൽ വിറങ്ങലിച്ചു നിന്നുപോയ എന്റെ സഹോദരിയുടെ വീടിനു മുന്നിൽ ദൈവദൂതരെപ്പോലെ വന്നിറങ്ങിയ ആ കാക്കിനിക്കറുകാരെ…!!
#Sevabharathi
https://www.facebook.com/pkshiby/posts/6394209997287934
Discussion about this post