ലഖ്നൗ: ചൈനീസ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് കരുത്തായി ഉത്തർ പ്രദേശിൽ നിന്നുമുള്ള ആയുധങ്ങൾ. ഗാൽവനിൽ കഴിഞ്ഞ വർഷം ചൈനീസ് പട കമ്പിവടികളും കല്ലുകളും ഇന്ത്യൻ സൈനികർക്ക് നേരെ പ്രയോഗിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യൻ സേന ത്രിശൂലവും വജ്രായുധവും ഉപയോഗിക്കാൻ പരിശീലനം നേടുന്നത്. വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിലെ പ്രതിരോധത്തിനാണ് സൈനികർ ഇവ ഉപയോഗിക്കുന്നത്. നിലവിൽ കഠാരയും കൈക്കോടാലിയും ഇവിടങ്ങളിൽ കമാൻഡോകൾ ഉപയോഗിക്കുന്നുണ്ട്.
അതിർത്തി വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന പതിമൂന്നാം വട്ട ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സൈന്യം മുൻകരുതൽ ശക്തമാക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളെ തകർക്കാൻ ശേഷിയുള്ള, കൈകൾ കൊണ്ട് അനായാസം നിയന്ത്രിക്കാൻ കഴിയുന്ന ലോഹനിർമ്മിതമായ മുള്ളുകളോട് കൂടിയ ആയുധമാണ് വജ്ര. ശത്രുവിനെ പ്രതിരോധിക്കാനും വാഹനങ്ങൾ ആക്രമിക്കാനും ഉപയോഗിക്കുന്ന ലോഹനിർമ്മിതമായ ആയുധമാണ് ത്രിശൂൽ.
ഇടിക്കട്ടയുടെ വിപുലമായ രൂപമായ ലോഹനിർമ്മിതമായ മറ്റൊരു ആയുധം കൂടി സൈന്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. കൈയ്യുറ പോലെ ധരിക്കാൻ സാധിക്കുന്നതാണ് ഇത്. അത്യാവശ്യ ഘട്ടങ്ങളിൽ ഇതിൽ നിന്ന് വൈദ്യുത പ്രവാഹമുണ്ടാകും. മാരകമായ പ്രഹരമേൽപ്പിക്കാനും ശത്രുവിനെ വേണ്ടി വന്നാൽ വധിക്കാനും ഇവ ഉപയോഗിച്ച് സാധിക്കും.
Discussion about this post