തിരുവനന്തപുരം: എസ്.എഫ്.ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞിനെ അച്ഛനും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും മാതാവും ചേര്‍ന്ന് കടത്തിയ സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുഞ്ഞിന്‍റെ അമ്മ അനുപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്‍റെ നടപടി. സംസ്ഥാന ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമീഷന്‍ വിശദീകരണം തേടി.
നേരത്തെ, കുട്ടിയെ കടത്തിയെന്ന സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ കേസെടുത്തിരുന്നു. വിഷയത്തില്‍ ഡി.ജി.പി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി നിര്‍ദേശിച്ചത്. കുട്ടിയുടെ മാതാവ് അനുപമ മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വനിതാ കമ്മീഷന്റെ ഇടപെടൽ. മാതാപിതാക്കള്‍ കുട്ടിയെ കടത്തി കൊണ്ടു പോയെന്നായിരുന്നു യുവതിയുടെ പരാതി.
മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്താന്‍ ശിശുക്ഷേമസമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും (സി.ഡബ്ല്യു.സി) കൂട്ടുനിന്നെന്നും അനുപമ ആരോപിച്ചിരുന്നു. ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ അഡ്വ. ഷിജുഖാനെതിരെയും ആരോപണമുന്നയിച്ചിരുന്നു.
Discussion about this post