കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ കടലിലെ രണ്ടാംഘട്ട പരീക്ഷണം കേന്ദ്ര ഷിപ്പിംഗ്, തുറമുഖ, ജലപാത വകുപ്പുമന്ത്രി സർബാനന്ദ സോനോവാൾ വിലയിരുത്തി. പുറംകടലിലെത്തിയാണ് മന്ത്രി പ്രവർത്തനങ്ങൾ പരിശോധിച്ചത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്‌സവിന്റെ ഭാഗമായി ആഗസ്റ്റ് 15ന് വിക്രാന്ത് നാവികസേനയുടെ ഭാഗമാക്കുകയാണ് കേന്ദ്ര പ്രതിരോധ വകുപ്പിന്റെ പദ്ധതി.
കപ്പലിന്റെ ആദ്യത്തെ കടൽപരീക്ഷണങ്ങൾ കഴിഞ്ഞ ആഗസ്റ്റ് 22ന് പൂർത്തിയാക്കിയിരുന്നു. ഹൾ, പ്രൊപ്പൽഷൻ, വൈദ്യുതോത്പാദനം തുടങ്ങിയ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയാണ് ആദ്യഘട്ടത്തിൽ വിലയിരുത്തിയത്. ആദ്യഘട്ടത്തിൽ കണ്ടെത്തിയ പ്രശ്‌നങ്ങൾ പരിഹരിച്ചശേഷമാണ് രണ്ടാംഘട്ടം ആരംഭിച്ചത്. തിരികെ കപ്പൽശാലയിൽ എത്തിച്ചശേഷം ആയുധങ്ങൾ ഉൾപ്പെടെ ഘടിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് നാവികവൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ 24 മുതലാണ് വിക്രാന്തിന്റെ രണ്ടാംഘട്ട കടൽപരീക്ഷണങ്ങൾ ആരംഭിച്ചത്. പരീക്ഷണങ്ങളുടെ പുരോഗതി വിലയിരുത്തിയ മന്ത്രി അടുത്ത ഏപ്രിലിനകം മുഴുവൻ ജോലികളും പൂർത്തിയാക്കണമെന്ന് കപ്പൽശാലയ്ക്ക് നിർദ്ദേശം നൽകി. യന്ത്രസംവിധാനങ്ങൾ, ഡെക്ക് യന്ത്രങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങൾ, മറ്റു സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനമാണ് പരിശോധിക്കുന്നത്.
രാജ്യം ആഭ്യന്തരമായി നിർമ്മിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. നാവികസേനയുടെ ഡയറക്ടറേറ്റ് ഒഫ് നേവൽ ഡിസൈനിന്റേതാണ് രൂപകല്പന. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ പദ്ധതികളുടെ ഭാഗമായാണ് കപ്പൽ നിർമ്മാണം. കപ്പലിന്റെ 76 ശതമാനം ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിച്ചവയാണ്. 550 കമ്പനികൾ നിർമ്മാണവുമായി സഹകരിച്ചു.
Discussion about this post