കൊച്ചി:. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടങ്ങിയ ഒരു കലാകാരനെ തെരുവ് ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിശേഷിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ.
കോൺഗ്രസ് പോലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി ഒരു സമരവുമായി മുമ്പോട്ട് പോകുമ്പോൾ നടൻ ജോജു ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് തന്റെ വാഹനത്തിനരികെ കിടക്കുന്ന ഒരു രോഗിയുടെ അവസ്ഥയാണ്. ഇത്തരം ഒരു പ്രശ്നത്തിൽ ഇടപെടുമ്പോൾ അതിനൊരു വൈകാരികതയുടെ തലമുണ്ട്. അയാളൊരു കലാകാരനാണ്. അതിന്റെ എല്ലാ തലങ്ങളും ഉൾക്കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചതെന്ന് ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടക്കിയ ഒരു കലാകാരനെ ഗുണ്ട എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചതിലും അദ്ദേഹത്തിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തതിലും ശക്തമായ പ്രതിഷേധമുണ്ട്. അത് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവ് ജോജുവിനോട് നേരിട്ട് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം പോലീസ് വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിനെതിരേ ഉന്നയിച്ച പ്രധാന ആരോപണം പൊളിഞ്ഞു. ജോജു മദ്യലഹരിയിലാണ് സമരക്കാര്‍ക്കെതിരേ തിരിഞ്ഞതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
Discussion about this post